
ചെന്നൈ: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. എന്നാല്‍ തമിഴ്നാടിനെ സംബന്ധിച്ച ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പ്രദീപ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഈ ഏജന്‍സി തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഡിഎംകെ രണ്ടാം സ്ഥാനത്താവുമെന്നും, എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടി നേരിടുമെന്നും പ്രവചനം പറയുന്നു.
ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം അനുസരിച്ച്: ടിവികെ: 98-120 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും, ഡിഎംകെ: 92-110 സീറ്റുകള്‍ വരെ നേടും.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ത്ഥ ഫലമാകണമെന്നില്ലെങ്കിലും, അവ പലപ്പോഴും പൊതുചര്‍ച്ചകളെ സ്വാധീനിക്കുകയും അന്തിമവിധി തെളിയും വരെ ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യാറുണ്ട്. ഇവിടെ ആക്‌സിസ് മൈ ഇന്ത്യ ടിവികെയ്ക്ക് 98-120 സീറ്റുകള്‍ പ്രവചിച്ചിരുക്കുന്നതില്‍ പലര്‍ക്കും അവിശ്വസീയമാണെന്ന് ചിന്തിക്കുന്നത്. കാരണം ഒരു പൊതുധാരണ വിജയുടെ പാര്‍ട്ടികള്‍ സീറ്റുകള്‍ നേടുമെങ്കിലും ഇത്തരമൊരു മുന്നേറ്റമുണ്ടാക്കില്ലായെന്നാണ് വിശ്വാസം. എന്നാല്‍ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനങ്ങളെ പൂര്‍ണമായി തള്ളിക്കളയാനാകില്ല, കാരണം മുന്‍കാലങ്ങളില്‍ ആക്‌സിസ് മൈ ഇന്ത്യ നടത്തിയ പല ധീരമായ പ്രവചനങ്ങളും കൃത്യമായി പുലര്‍ന്നിട്ടുണ്ട് എന്നതാണ്. അത്തരത്തിലുള്ള അഞ്ച് ഉദാഹരണങ്ങള്‍ താഴെ പറയുന്നവയാണ്:
1. 2019 ലോക്സഭ തിരഞ്ഞെടുപ്പ്
2019-ല്‍, യുപിയിലെ മഹാസഖ്യം കാരണം ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷം നേടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചു. എന്നാല്‍ എന്ന് എന്‍ഡിഎയ്ക്ക് 339-365 സീറ്റ് വിജയം ധൈര്യത്തോടെ പ്രവചിച്ച ഒരേയൊരു ഏജന്‍സി ആക്‌സിസ് മൈ ഇന്ത്യ ആയിരുന്നു, ബിജെപി സ്വന്തമായി 300 സീറ്റുകള്‍ മറികടന്നു. അന്തിമഫലം വന്നപ്പോള്‍ എന്‍ഡിഎ 353 സീറ്റുകള്‍ നേടി (ബിജെപി മാത്രം 303 സീറ്റുകള്‍ നേടി). ഇത് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ച കണക്കുകളോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു.
2. 2022 പഞ്ചാബ് തിരഞ്ഞെടുപ്പ്
മിക്ക സര്‍വേ ഏജന്‍സികളും ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കമോ അല്ലെങ്കില്‍ ഒരു തൂക്കുസഭയോ പ്രവചിച്ചപ്പോള്‍, ആക്‌സിസ് മൈ ഇന്ത്യ എഎപിക്ക് 76-90 സീറ്റുകള്‍ ലഭിക്കുമെന്ന വമ്പന്‍ വിജയമാണ് പ്രവചിച്ചത്. ബഹുകോണ മത്സരം നടന്ന ആ തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയൊരു ഭൂരിപക്ഷം അന്ന് സംശയത്തോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിനെയും അകാലിദളിനെയും നിഷ്പ്രഭമാക്കി എഎപി 92 സീറ്റുകള്‍ നേടി.
3. 2023 മധ്യപ്രദേശ് തിരഞ്ഞെടുപ്പ്
മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍, കോണ്‍ഗ്രസിന്റെ നേരിയ വിജയമോ അല്ലെങ്കില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമോ ആണ് മിക്ക ഏജന്‍സികളും പ്രവചിച്ചിരുന്നത്. എന്നാല്‍ ബിജെപി 140-162 സീറ്റുകള്‍ നേടി വന്‍ വിജയം കൈവരിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചു. ഫലം വന്നപ്പോള്‍ ബിജെപി 163 സീറ്റുകള്‍ നേടി, ഇത് മറ്റ് സര്‍വേ ഏജന്‍സികളെ അമ്പരപ്പിച്ചു.
4. 2024 മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മോശം പ്രകടനം കാഴ്ചവെച്ചതിനെത്തുടര്‍ന്ന്, നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് മിക്ക വിശകലന വിദഗ്ധരും പ്രവചിച്ചിരുന്നു. എന്നാല്‍ ഈ പൊതുവായ അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, ഭരണകക്ഷിയായ മഹായുതി സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും 178-200 സീറ്റുകള്‍ വരെ നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചു. അന്തിമ ഫലം വന്നപ്പോള്‍ പ്രവചനങ്ങളെക്കാള്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. മഹായുതി 235 സീറ്റുകള്‍ എന്ന കൂറ്റന്‍ വിജയം നേടിയതോടെ, എക്‌സിറ്റ് പോള്‍ കണക്കുകൂട്ടലുകളെക്കാള്‍ വലിയൊരു തരംഗമായി ആ ഫലം മാറി.
5. 2025 ഡല്‍ഹി തിരഞ്ഞെടുപ്പ്
2025 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍, മിക്കവാറും എല്ലാ പ്രധാന എക്‌സിറ്റ് പോളുകളും എഎപി (AAP) ഉജ്ജ്വല വിജയം നേടുമെന്നോ അല്ലെങ്കില്‍ കടുത്ത പോരാട്ടം നടക്കുമെന്നോ ആണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബിജെപി 45-55 സീറ്റുകള്‍ നേടി നിര്‍ണ്ണായക വിജയം കൈവരിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചു. ഫലം വന്നപ്പോള്‍ ബിജെപി 48 സീറ്റുകള്‍ നേടുകയും, ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ പത്ത് വര്‍ഷം നീണ്ടുനിന്ന ഭരണത്തുടര്‍ച്ചയ്ക്ക് അന്ത്യം കുറിക്കുകയും ചെയ്തു.
