
ചണ്ഡീഗഢ്: വന്‍ രാഷ്ട്രീയ അട്ടിമറി നീക്കങ്ങളെ അതിജീവിച്ച് പഞ്ചാബില്‍ ഭഗവന്ത് മാന്‍ സര്‍ക്കാര്‍ കരുത്തുതെളിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കനത്ത ഭൂരിപക്ഷത്തോടെ തള്ളപ്പെട്ടു. 117 അംഗ സഭയില്‍ 94 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് ആം ആദ്മി പാര്‍ട്ടി (എഎപി) തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്. രാജ്യസഭാ അംഗങ്ങളുടെ കൂട്ടരാജി സൃഷ്ടിച്ച കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിലാണ് ഈ വിജയം.
കഴിഞ്ഞ ഏപ്രില്‍ 24-നാണ് പഞ്ചാബ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. രാഘവ് ഛദ്ദ, സന്ദീപ് പാഠക്, ഹര്‍ഭജന്‍ സിങ് എന്നിവരുള്‍പ്പെടെ പത്ത് രാജ്യസഭാ അംഗങ്ങളില്‍ ഏഴ് പേര്‍ എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. എം.എല്‍.എമാരും പാര്‍ട്ടി വിടുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തിരിച്ചടിച്ചത്.
'എഎപിയുടെ 40 മുതല്‍ 65 വരെ എം.എല്‍.എമാര്‍ പാര്‍ട്ടി വിടുമെന്ന് പ്രചരിപ്പിച്ചവര്‍ ഇന്ന് നിശബ്ദരായിരിക്കുന്നു' എന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സഭയില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ വിള്ളലുണ്ടെന്ന നെഗറ്റീവ് വാര്‍ത്തകള്‍ വെറും കിംവദന്തികള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിശ്വാസ പ്രമേയ വോട്ടെടുപ്പിലെ മികച്ച വിജയം സര്‍ക്കാരിന്റെ സുസ്ഥിരത വിളിച്ചോതുന്നതാണെന്ന് എഎപി നേതൃത്വം അവകാശപ്പെടുന്നു.
വിശ്വാസവോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് വലിയൊരു പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. മെയ് ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ മിനിമം പ്രതിദിന വേതനത്തില്‍ 15 ശതമാനം വര്‍ദ്ധനവാണ് പ്രഖ്യാപിച്ചത്. പണപ്പെരുപ്പത്തിന്റെ കാലഘട്ടത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ നടപടി വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. തൊഴിലാളികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
