
ഭുവനേശ്വർ: മരിച്ച സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാനായി അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരന്റെ പ്രതിഷേധം. ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലാണ് സംഭവം അരങ്ങേറിയത്. അക്കൗണ്ട് ഉടമയെ നേരിട്ട് ഹാജരാക്കണമെന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ കർശന നിലപാടിൽ സഹികെട്ടാണ് താൻ ഈ കടുംകൈ ചെയ്തതെന്ന് ജീതു മുണ്ട പറഞ്ഞു. രണ്ട് മാസം മുമ്പാണ് ജീതു മുണ്ടയുടെ സഹോദരി കർല മുണ്ട അസുഖം ബാധിച്ചു മരിച്ചത്.
തന്റെ കന്നുകാലികളെ വിറ്റ് സമ്പാദിച്ച 20,000 രൂപ കർലയുടെ അക്കൗണ്ടിലുണ്ടായിരുന്നു. സഹോദരിക്ക് മറ്റ് അവകാശികളില്ലാത്തതിനാൽ പണം പിൻവലിക്കാൻ ജീതു മുണ്ട പലതവണ ബാങ്കിനെ സമീപിച്ചു. എന്നാൽ മരണ സർട്ടിഫിക്കറ്റും മറ്റ് ഔദ്യോഗിക രേഖകളും ഇല്ലാതെ പണം നൽകാനാവില്ലെന്ന് ബാങ്ക് അധികൃതർ നിലപാടെടുത്തു. പണം പിൻവലിക്കണമെങ്കിൽ അക്കൗണ്ട് ഉടമയെ നേരിട്ട് കൊണ്ടുവരണമെന്ന് ബാങ്ക് അധികൃതർ തന്നോട് പറഞ്ഞതായി ജീതു ആരോപിക്കുന്നു. സഹോദരി മരിച്ച വിവരം അറിയിച്ചിട്ടും ഉദ്യോഗസ്ഥർ ഗൗനിച്ചില്ല.
ഒടുവിൽ നിരാശനായ ജീതു ശ്മശാനത്തിൽ നിന്ന് അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിലേക്ക് കൊണ്ടുവരികയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പതാന പോലീസ് ഇൻസ്പെക്ടർ കിരൺ പ്രസാദ് സാഹു ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. നടപടിക്രമങ്ങൾ ലളിതമായി വിശദീകരിച്ചു നൽകുന്നതിൽ ബാങ്ക് അധികൃതർക്ക് വീഴ്ച പറ്റിയതായി പോലീസ് പറഞ്ഞു. പണം ലഭ്യമാക്കാൻ ആവശ്യമായ സഹായം നൽകാമെന്ന് പോലീസ് ഉറപ്പുനൽകിയതോടെ അസ്ഥികൂടം തിരികെ കൊണ്ടുപോയി സംസ്കരിച്ചു. അവകാശിയായ ജീതുവിന് എത്രയും വേഗം പണം കൈമാറാൻ പ്രാദേശിക ഭരണകൂടം ബാങ്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
