BoolokamBoolokam

പത്ത് രൂപയ്ക്ക് കറി നല്‍കില്ല; ഹോട്ടല്‍ ജീവനക്കാരെ വാളുമായി വെട്ടാന്‍ ഓടിച്ച് യുവാവ്; വധശ്രമത്തിന് കേസെടുത്തു

ഹൈദരബാദ്: ഹൈദരാബാദില്‍ പത്ത് രൂപയുടെ കറി പാക്കറ്റിനെച്ചൊല്ലിയുണ്ടായ നിസ്സാര തര്‍ക്കം വധശ്രമത്തില്‍ കലാശിച്ചു. ബീരംഗുഡയിലുള്ള 'സായി ഫുഡ്സ്' എന്ന ഹോട്ടലില്‍ ശനിയാഴ്ചയാണ് സിനിമാരംഗങ്ങളെ വെല്ലുന്ന രീതിയിലുള്ള ആക്രമണം അരങ്ങേറിയത്. പത്ത് രൂപയ്ക്ക് കറി നല്‍കില്ലെന്ന് പറഞ്ഞ ഹോട്ടല്‍ ജീവനക്കാരെ വാളുമായി വെട്ടാന്‍ ഓടിച്ച ജീവരത്‌നം എന്ന യുവാവിനായി അമീന്‍പൂര്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

ഹോട്ടലിലെത്തിയ ജീവരത്‌നം പത്ത് രൂപയുടെ കറി പാക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്നാല്‍ കറിക്ക് 20 രൂപയാണെന്നും പത്ത് രൂപയ്ക്ക് നല്‍കാന്‍ കഴിയില്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കി. ഇതോടെ തുടങ്ങിയ വാക്കുതര്‍ക്കം പെട്ടെന്ന് തന്നെ കൈയാങ്കളിയിലേക്ക് മാറി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ പരസ്പരം കഴുത്തിന് പിടിക്കുന്നതും തള്ളുന്നതും വ്യക്തമായി കാണാം. അവിടെ നിന്ന് പ്രകോപിതനായി മടങ്ങിയ പ്രതി മിനിറ്റുകള്‍ക്കുള്ളില്‍ മാരകമായ വലിയൊരു വാളുമായാണ് തിരിച്ചെത്തിയത്.

വാളുമായി ഹോട്ടലിലേക്ക് ഇരച്ചുകയറിയ യുവാവ് ജീവനക്കാരെ വെട്ടാനായി പിന്തുടര്‍ന്നു. ജീവനക്കാര്‍ കൈകൂപ്പി അപേക്ഷിച്ചിട്ടും ഒട്ടും പിന്മാറാതെ പ്രതി അക്രമം തുടര്‍ന്നു. കൗണ്ടറിന് പിന്നിലേക്ക് ഓടിക്കയറിയ ജീവനക്കാരെ ഇയാള്‍ വാള്‍ വീശി വെട്ടാന്‍ ശ്രമിച്ചെങ്കിലും, ഹോട്ടലിലെ പ്ലാസ്റ്റിക് സ്റ്റൂളുകള്‍ പരിചയാക്കി മാറ്റിയാണ് അവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.

മര്‍ദ്ദനത്തിനും വെട്ടി പരിക്കേല്‍പ്പിക്കാനുമുള്ള ശ്രമത്തിന് പിന്നാലെ പ്രതി ഹോട്ടലിന്റെ ഷട്ടര്‍ പുറത്തുനിന്ന് താഴ്ത്തി മൂന്ന് ജീവനക്കാരെ അകത്തിട്ട് പൂട്ടുകയും ചെയ്തു. ഹോട്ടലിനുള്ളില്‍ കുടുങ്ങിയ ജീവനക്കാര്‍ പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചെങ്കിലും പ്രതി കനിഞ്ഞില്ല. ഒടുവില്‍ ഒരു ജീവനക്കാരന്‍ സാഹസികമായി ഷട്ടര്‍ ഉയര്‍ത്തിയതോടെയാണ് എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടത്. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അമീന്‍പൂര്‍ പോലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പത്ത് രൂപയ്ക്ക് കറി നല്‍കില്ല; ഹോട്ടല്‍ ജീവനക്കാരെ വാളുമായി വെട്ടാന്‍ ഓടിച്ച് യുവാവ്; വധശ്രമത്തിന് കേസെടുത്തു - Marunadan Malayali | Boolokam