BoolokamBoolokam

പറഞ്ഞ വാക്ക് ചെയ്തു കാണിച്ചു; സോഷ്യല്‍ മീഡിയയില്‍ മുസ്ലീം ലീഗിന് കയ്യടി, സര്‍ക്കാരിന് വിമര്‍ശനം! ആ സ്‌നേഹഭവനങ്ങളില്‍ 51 കുടുംബങ്ങള്‍ താമസം തുടങ്ങി; മുണ്ടക്കൈക്കാര്‍ വെള്ളിത്തോടില്‍ ഒന്നിച്ചതോടെ മുഖം രക്ഷിക്കാന്‍ വയനാട് ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി സര്‍ക്കാര്‍; 178 കുടുംബങ്ങളും ഒരുമിച്ചേ താമസം ആരംഭിക്കൂ എന്ന് ദുരന്തബാധിതര്‍; ബാക്കി 171 പേര്‍ക്ക് എന്ന് വീട് കിട്ടും? വയനാടിന്റെ അതിജീവനത്തിന് കാത്തിരിപ്പ്

വയനാട്: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പില്‍ പുനരധിവാസത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി. ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറിയതോടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പുനരധിവാസ നടപടികള്‍ വൈകുന്നു എന്ന വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ഈ പശ്ചാത്തലത്തില്‍, മുഖം രക്ഷിക്കാനുള്ള നീക്കമായാണ് ടൗണ്‍ഷിപ്പിലെ ആദ്യ ഘട്ട താക്കോല്‍ ദാനം വിലയിരുത്തപ്പെടുന്നത്. പദ്ധതിയുടെ മൂന്നാം സോണില്‍ ഉള്‍പ്പെട്ട ക്ലസ്റ്ററിലെ വീടുകളാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്.

വീടുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ ചോര്‍ച്ച ഉള്‍പ്പെടെയുള്ള നിരവധി പരാതികള്‍ ഗുണഭോക്താക്കള്‍ ഉയര്‍ത്തിയിരുന്നു. ഈ അപാകതകളെല്ലാം പരിഹരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കൈമാറ്റ നടപടികളിലേക്ക് അധികൃതര്‍ കടന്നത്. കിറ്റ്‌കോ (KITCO), ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി (ULCCS) എന്നിവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഓരോ കുടുംബവും തങ്ങള്‍ക്ക് അനുവദിച്ച വീടുകള്‍ നേരിട്ട് പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തി. ഇനിയും എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ അടിയന്തരമായി പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ പരിശോധന കൂടി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് താക്കോല്‍ നല്‍കും.

താക്കോല്‍ കൈമാറ്റം നടന്നുവെങ്കിലും ദുരന്തബാധിതരായ കുടുംബങ്ങള്‍ക്കിടയിലെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി. ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കപ്പെട്ട 178 കുടുംബങ്ങളും ഒന്നിച്ച് മാത്രമേ താമസം തുടങ്ങുകയുള്ളൂ എന്ന ഉറച്ച തീരുമാനത്തിലാണ് താക്കോല്‍ ഏറ്റുവാങ്ങിയ കുടുംബങ്ങളും. സര്‍ക്കാരിന്റെ സാങ്കേതികമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഏഴ് കുടുംബങ്ങള്‍ ഇപ്പോള്‍ താക്കോല്‍ സ്വീകരിച്ചത്. തങ്ങളോടൊപ്പം ദുരന്തം അനുഭവിച്ച ബാക്കിയുള്ള എല്ലാവര്‍ക്കും വീട് ലഭിച്ച ശേഷം, ഒരൊറ്റ ദിവസം എല്ലാവരും ഒന്നിച്ച് പ്രവേശനം നടത്താനാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട തങ്ങള്‍ക്ക് ഇനി ബാക്കിയുള്ളത് ഈ അതിജീവന കൂട്ടായ്മ മാത്രമാണെന്ന് ഗുണഭോക്താക്കള്‍ വികാരാധീനരായി പറഞ്ഞു. സര്‍ക്കാരിന്റെയും കേരള സമൂഹത്തിന്റെയും പിന്തുണയ്ക്ക് നന്ദി പറയുമ്പോഴും, തങ്ങളുടെ ഒത്തൊരുമയ്ക്ക് അവര്‍ വലിയ പ്രാധാന്യം നല്‍കുന്നു. മുസ്ലിം ലീഗ് ഇതിനോടകം തന്നെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കി പുനരധിവാസത്തില്‍ മാതൃക കാട്ടിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ ടൗണ്‍ഷിപ്പും പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകുന്നതോടെ വയനാടിന്റെ പുനര്‍ജന്മത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകും. വരും ദിവസങ്ങളില്‍ ബാക്കി 171 കുടുംബങ്ങളുടെ കൂടി പരിശോധനകള്‍ പൂര്‍ത്തിയാക്കി ടൗണ്‍ഷിപ്പ് പൂര്‍ണ്ണമായും ജനവാസയോഗ്യമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.

ലീഗിന്റെ സ്‌നേഹഭവനങ്ങള്‍

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 105 വീടുകളില്‍ 51 വീടുകളിലാണ് ആദ്യഘട്ടം ഗൃഹപ്രവേശനം നടന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സമര്‍പ്പണം നടത്തിയത്. മുട്ടില്‍-മേപ്പാടി സംസ്ഥാനപാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് എട്ടു സെന്റില്‍ 1060 ചതുരശ്ര അടിയില്‍ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികള്‍, രണ്ട് ശൗചാലയങ്ങള്‍, അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, കട്ടപാകിയ മുറ്റം, മുന്‍വശത്ത് ഏഴുമീറ്റര്‍ വീതിയില്‍ ടൈല്‍ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ശുദ്ധജലത്തിന് കിണര്‍കുഴിച്ച് ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകളും മുസ്ലിം ലീഗാണ് നല്‍കിയത്. ആവശ്യമെങ്കില്‍ രണ്ടാംനില പണിയാനുള്ള തറബലത്തോടെയാണ് നിര്‍മാണം. സര്‍ക്കാരിന്റെ ഗുണഭോക്തൃപ്പട്ടികയില്‍ ഉള്‍പ്പെടുകയും എന്നാല്‍, സര്‍ക്കാര്‍ നല്‍കുന്ന വീട് വേണ്ടെന്നുവെച്ച് മുസ്ലിം ലീഗിന് അപേക്ഷനല്‍കുകയും ചെയ്തവരെയാണ് പരിഗണിച്ചത്. മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ത്തന്നെ വീടുകള്‍ വേണമെന്ന ആവശ്യത്തിന് പരിഗണനനല്‍കിയാണ് വെള്ളിത്തോട് സ്ഥലം വാങ്ങിയത്. രണ്ടാംഘട്ടത്തില്‍ നല്‍കുന്ന വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കമ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിം ലീഗിന്റെ ഭവനസമുച്ചയത്തില്‍ ഒരുങ്ങും.

വയനാട് പുനരധിവാസത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് നിര്‍മ്മിച്ച വീടുകളുടെ ഗൃഹപ്രവേശനം സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായതോടെയാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. നിരവധി പേരാണ് ഇക്കാര്യത്തില്‍ ലീഗിനെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുകളും വിഡിയോകളുമായി രംഗത്തെത്തിയത്. പറഞ്ഞ വാക്ക് പാലിച്ച്, മുസ്ലിം ലീഗ് നിര്‍മ്മിച്ച വീടുകളുടെ ഗൃഹപ്രവേശം നടക്കുമ്പോള്‍, ഓരോ മലയാളിയുടെയും നെഞ്ച് നിറയുകയാണെന്നായിരുന്നു പ്രതികരണങ്ങള്‍.

'മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇന്ന് ഒരു മേല്‍ക്കൂരയായി. ദുരന്തം നടന്നപ്പോള്‍ വാഗ്ദാനങ്ങള്‍ പലതും കേട്ടു. പക്ഷെ ലീഗ് പറഞ്ഞു, ചെയ്തു കാണിച്ചു. മേപ്പാടി തൃക്കൈപ്പറ്റ വെള്ളിത്തോട്ടില്‍ 11.5 ഏക്കറില്‍ 105 വീടുകള്‍ എന്ന വലിയ സ്വപ്നം. അതില്‍ ആദ്യഘട്ട 51 വീടുകളുടെ താക്കോല്‍ദാനം ഇന്ന്. ബെഡും കട്ടിലും അലമാരയും എല്ലാം കിട്ടീട്ടുണ്ട്' - ദുരിതബാധിതര്‍ പറയുമ്പോള്‍ അറിയാം, ഇത് വെറും ചുമരുകള്‍ അല്ല, ഒരു ജീവിതമാണ് നിങ്ങള്‍ തിരികെ കൊടുത്തത്. ഹിന്ദുവെന്നോ, മുസ്ലിമെന്നോ, ക്രിസ്ത്യാനിയെന്നോ നോക്കിയില്ല. നോക്കിയത് ഒരേയൊരു കാര്യം - ഉരുള്‍ കവര്‍ന്ന ജീവിതങ്ങള്‍ ആരുടേതാണ് എന്ന് മാത്രം. ദുരന്തത്തില്‍ നമ്മള്‍ ഒന്നാണ്, പുനരധിവാസത്തിലും ഒന്നാണ് എന്ന് നിങ്ങള്‍ കാണിച്ചു തന്നു എന്നായിരുന്നു ലീഗിനെ അഭിനന്ദിച്ചുള്ള പ്രതികരണം.

ഓരോ കുടുംബത്തിനും 8 സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീട്. 3 മുറി, അടുക്കള, എല്ലാ അടിസ്ഥാന സൗകര്യങ്ങളും. പിന്നീട് 1000 സ്‌ക്വയര്‍ ഫീറ്റ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ പാകത്തിന് രൂപകല്‍പ്പന. വെറുതെ 'തല ചായ്ക്കാന്‍ ഒരിടം' അല്ല, അഭിമാനത്തോടെ ജീവിക്കാന്‍ ഒരു ഭവനം. രാഷ്ട്രീയം എന്നാല്‍ അധികാരം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ് എന്ന് മുസ്ലിം ലീഗ് തെളിയിച്ചു. ഇതാണ് യഥാര്‍ത്ഥ ജനസേവനം. ഇതാണ് 'വാക്കും പ്രവൃത്തിയും' ഒന്നാകുന്നത്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും, ഈ പദ്ധതിക്ക് പിന്നില്‍ നിന്ന് പണം മുടക്കിയ മുഴുവന്‍ മനുഷ്യസ്‌നേഹികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നിങ്ങള്‍ 51 കുടുംബങ്ങള്‍ക്ക് വീട് മാത്രമല്ല കൊടുത്തത്. തകര്‍ന്നുപോയ പ്രതീക്ഷകളാണ് തിരികെ കൊടുത്തത്. കേരളം ഇതൊന്നും മറക്കില്ല' എന്നുമായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന കുറിപ്പുകളില്‍ പറഞ്ഞത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!