
ധാക്ക: ബംഗ്ലാദേശിലെ ഒരു റെയിൽവേ സ്റ്റേഷനിൽ അരങ്ങേറിയ, ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന രക്ഷാപ്രവർത്തനത്തിന്റെ വാർത്ത ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പുറപ്പെടാൻ തുടങ്ങിയ ട്രെയിനിൽ നിന്ന് തിരക്കിനിറങ്ങാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണുപോയ കുഞ്ഞിനെ സ്വന്തം ജീവൻ പണയപ്പെടുത്തി പിതാവ് രക്ഷിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഏകദേശം ഒന്നര മണിക്കൂർ വൈകിയെത്തിയ ലോക്കൽ ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ശേഷമാണ് ആ കുടുംബം പുറത്തിറങ്ങാൻ ശ്രമിച്ചത്.
തിരക്കിനിടയിൽ പിതാവിന്റെ കയ്യിൽ നിന്നും കുഞ്ഞ് വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലൂടെ പാളത്തിലേക്ക് വീഴുകയായിരുന്നു. ഒരു നിമിഷത്തെ അശ്രദ്ധ വലിയൊരു ദുരന്തത്തിന് വഴിവെക്കുമെന്ന് തോന്നിച്ച നിമിഷം, മറ്റൊന്നും ആലോചിക്കാതെ ആ പിതാവ് കുഞ്ഞിന് പിന്നാലെ ഓടുന്ന ട്രെയിനിനടിയിലേക്ക് ചാടി.
മുകളിലൂടെ കൂറ്റൻ ട്രെയിൻ ചക്രങ്ങൾ വലിയ ശബ്ദത്തോടെ ഉരുളുമ്പോഴും തളരാതെ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് അദ്ദേഹം പാളത്തിൽ മലർന്നു കിടന്നു. മരണത്തിനും ജീവിതത്തിനുമിടയിലുള്ള ആ നിമിഷങ്ങളിൽ ഭയന്നുപോയ കുഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും, പിതാവ് കുഞ്ഞിനെ അനങ്ങാൻ അനുവദിക്കാതെ മുറുകെ പിടിക്കുകയായിരുന്നു. കുഞ്ഞിന് മുകളിൽ ഒരു കവചമായി ആ പിതാവ് അവിടെ കിടന്നത് ട്രെയിൻ പൂർണ്ണമായും കടന്നുപോകുന്നത് വരെയാണ്. ട്രെയിൻ പോയ ഉടൻ തന്നെ റെയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇരുവരെയും പാളത്തിൽ നിന്നും സുരക്ഷിതമായി പുറത്തെടുത്തു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് നിസ്സാരമായ പരിക്കുകളോടെയാണ് ഇരുവരും ആ വലിയ വിപത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
പിതൃത്വത്തിന്റെ കരുത്തും ആത്മധൈര്യവും ഒന്നുചേർന്ന ഈ സംഭവം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആ പിതാവിന് പ്രശംസകൾ പ്രവഹിക്കുകയാണ്. സ്വന്തം ജീവൻ പോലും തൃണവൽഗണിച്ചു കൊണ്ട് കുഞ്ഞിനെ മരണമുഖത്ത് നിന്നും പിടിച്ചുവാങ്ങിയ അദ്ദേഹത്തെ 'യഥാർത്ഥ ഹീറോ' എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.
യാദൃശ്ചികമായി സംഭവിച്ച പിഴവിനെ അതിസാഹസികമായി മറികടന്ന ആ പിതാവിന്റെ പ്രവൃത്തി മനുഷ്യത്വത്തിന്റെ വലിയൊരു അടയാളമായി മാറിക്കഴിഞ്ഞു. എങ്കിലും, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയായി ഈ സംഭവം മാറി.
