BoolokamBoolokam

പിന്‍വാങ്ങുന്നത് പെന്റഗണിന്റെ ആഭ്യന്തര പ്ലാന്‍? ജര്‍മ്മനിയെ ഞെട്ടിച്ച് ട്രംപിന്റെ 'സൈനിക സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; 5000 യുഎസ് സൈനികരെ പിന്‍വലിക്കാന്‍ ഉത്തരവ്; മെര്‍സുമായുള്ള നയതന്ത്ര യുദ്ധം തെരുവിലേക്ക്; ഇറാന്‍ വിഷയത്തില്‍ ഉടക്കി സഖ്യകക്ഷികള്‍; നാറ്റോയില്‍ വന്‍ വിള്ളല്‍

വാഷിംഗ്ടണ്‍/ബെര്‍ലിന്‍: ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജര്‍മ്മനിയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം വെട്ടിക്കുറയ്ക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ണ്ണായക നീക്കം. ജര്‍മ്മനിയില്‍ വിന്യസിച്ചിരിക്കുന്ന 35,000 യുഎസ് സൈനികരില്‍ 5,000 പേരെ ഉടനടി പിന്‍വലിക്കാനാണ് ട്രംപ് പെന്റഗണിന് ഉത്തരവ് നല്‍കിയിരിക്കുന്നത്. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സും ട്രംപും തമ്മിലുള്ള നയതന്ത്ര പോര് മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത പശ്ചാത്തലത്തിലാണ് ഈ നടപടി. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയെ തള്ളിപ്പറഞ്ഞതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് വ്യക്തമായ പദ്ധതിയൊന്നുമില്ലെന്ന് കഴിഞ്ഞ തിങ്കളാഴ്ച ചാന്‍സലര്‍ മെര്‍സ് പരിഹസിച്ചിരുന്നു. ചര്‍ച്ചകളില്‍ ഇറാന്‍ അമേരിക്കയെ അപമാനിക്കുകയാണെന്നും മെര്‍സ് വിമര്‍ശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നാറ്റോ സഖ്യകക്ഷിയായ ജര്‍മ്മനിയെ ശ്വാസം മുട്ടിക്കുന്ന നീക്കവുമായി ട്രംപ് രംഗത്തെത്തിയത്. മെര്‍സ് സ്വന്തം ജോലിയില്‍ പരാജയമാണെന്നും ഉക്രൈന്‍ വിഷയത്തില്‍ അദ്ദേഹം വന്‍ പ്രതിസന്ധിയിലാണെന്നും ട്രംപ് തിരിച്ചടിച്ചു. മെര്‍സ് ആഗ്രഹിക്കുന്നത് ഇറാന്‍ ആണവായുധം കൈവശപ്പെടുത്താനാണെന്ന ക്രൂരമായ പരിഹാസവും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തൊടുത്തുവിട്ടു.

ജര്‍മ്മനിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങള്‍ നിസ്സഹകരണപരമാണെന്ന് മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥരും തുറന്നടിക്കുന്നു. അടുത്ത 6 മുതല്‍ 12 മാസത്തിനുള്ളില്‍ സൈനികരെ പിന്‍വലിക്കാനാണ് ലക്ഷ്യം. 2022-ല്‍ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് ശേഷം ജോ ബൈഡന്‍ വര്‍ദ്ധിപ്പിച്ച സൈനികരെയാണ് ഇപ്പോള്‍ ട്രംപ് തിരിച്ചുവിളിക്കുന്നത്. സ്വന്തം സുരക്ഷാ ഉത്തരവാദിത്തം യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെ ഏറ്റെടുക്കണമെന്ന ട്രംപിന്റെ പഴയ നയമാണിതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും, ഇത് ശരിക്കും സഖ്യകക്ഷികള്‍ക്കുള്ള 'ശിക്ഷ'യാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാത്ത മറ്റ് നാറ്റോ രാജ്യങ്ങളെയും പെന്റഗണ്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. സ്‌പെയിനിനെ നാറ്റോയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതും ഫോക്ക്‌ലാന്‍ഡ് ദ്വീപ് വിഷയത്തില്‍ ബ്രിട്ടനെതിരെ തിരിയുന്നതും അമേരിക്കയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കിലെ എണ്ണക്കടത്ത് തടസ്സപ്പെട്ടിട്ടും നാവികസേനയെ അയച്ച് സഹായിക്കാത്ത ജര്‍മ്മനിയെയും മറ്റ് സഖ്യകക്ഷികളെയും ട്രംപ് രൂക്ഷമായി കുറ്റപ്പെടുത്തി. ഊര്‍ജ്ജ വിതരണം തടസ്സപ്പെട്ടതോടെ ആഗോള വിപണി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഫെബ്രുവരി 28-ന് ഇറാനെതിരായ ആക്രമണം ആരംഭിക്കുന്നതിന് മുന്‍പ് അമേരിക്കയോ ഇസ്രായേലോ തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്ന് മെര്‍സ് നേരത്തെ ആരോപിച്ചിരുന്നു. യുദ്ധം കാര്യങ്ങള്‍ വഷളാക്കുമെന്ന് ട്രംപിനെ നേരിട്ട് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയിലെ യുഎസ് സൈനിക ആശുപത്രി അടക്കമുള്ള സംവിധാനങ്ങള്‍ യുഎസ് യുദ്ധനീക്കങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്.

ഈ സാഹചര്യത്തില്‍ സൈന്യത്തെ പിന്‍വലിക്കുന്നത് ജര്‍മ്മനിയുടെ പ്രതിരോധ ശേഷിയെയും അമേരിക്കയുടെ യുദ്ധതന്ത്രങ്ങളെയും ഒരുപോലെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. എതായാലും ട്രാന്‍സ് അറ്റ്ലാന്റിക് സഖ്യത്തില്‍ വീണ ഈ വിള്ളല്‍ വരും ദിവസങ്ങളില്‍ ലോക രാഷ്ട്രീയത്തെ മാറ്റിമറിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിന്‍വാങ്ങുന്നത് പെന്റഗണിന്റെ ആഭ്യന്തര പ്ലാന്‍? ജര്‍മ്മനിയെ ഞെട്ടിച്ച് ട്രംപിന്റെ 'സൈനിക സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; 5000 യുഎസ് സൈനികരെ പിന്‍വലിക്കാന്‍ ഉത്തരവ്; മെര്‍സുമായുള്ള നയതന്ത്ര യുദ്ധം തെരുവിലേക്ക്; ഇറാന്‍ വിഷയത്തില്‍ ഉടക്കി സഖ്യകക്ഷികള്‍; നാറ്റോയില്‍ വന്‍ വിള്ളല്‍ - Marunadan Malayali | Boolokam