
കൊല്ലം: കേരളത്തിലേക്ക് വൻതോതിൽ രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളെ സാഹസികമായി പിടികൂടി ശാസ്താംകോട്ട പോലീസ്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി ശൃംഖലയിലെ മൂന്ന് പേരാണ് പോലീസ് വലയിലായത്. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ജിതിൻ ജെ. കുമാർ, ആദിനാട് തെക്ക് സ്വദേശി മുർഷിദ് നൗഷാദ്, കർണാടക ഷിമോഗ സ്വദേശി മാലിക് റെഹാൻ ഖാസി എന്നിവരാണ് പിടിയിലായ പ്രതികൾ.
കഴിഞ്ഞ ഫെബ്രുവരിയിൽ ശാസ്താംകോട്ട ഐ.സി.എസ് ജംഗ്ഷനിൽ നിന്ന് എം.ഡി.എം.എയുമായി ഒരു യുവതി പിടിയിലായതോടെയാണ് ഈ കേസിലെ അന്വേഷണം ഊർജ്ജിതമായത്. കുപ്രസിദ്ധ ഗുണ്ട അലുവ അതുൽ വധക്കേസിലെ പ്രതിയായ ഷംനാദിന് ഈ ലഹരി ഇടപാടിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഷംനാദിനെ കസ്റ്റഡിയിൽ വാങ്ങി ബംഗളൂരുവിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പാണ് പ്രതികളിലേക്ക് വഴിതുറന്നത്. ഷംനാദിന് ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നത് ഇപ്പോൾ പിടിയിലായ മൂവർ സംഘമായിരുന്നു.
ശാസ്താംകോട്ട ഡിവൈഎസ്പി പ്രസാദിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ മൃദുൽ കുമാർ, എസ്.ഐ ശരത് കെ.പി, എ.എസ്.ഐ ബിജു കെ.ആർ, സി.പി.ഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് ബംഗളൂരുവിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
