BoolokamBoolokam

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ കാലം കഴിയുന്നു, മാറാൻ തയ്യാറെടുക്കണം; ഒന്നര ലക്ഷം ഇലക്ട്രിക് ബസുകൾ വരുന്നു; രജിസ്ട്രേഷനിൽ ഇനി വീഡിയോ നിർബന്ധം; വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങളുടെ യുഗം അവസാനിക്കുകയാണെന്ന വ്യക്തമായ മുന്നറിയിപ്പുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഭാവിയിൽ ഫോസിൽ ഇന്ധനങ്ങൾക്ക് ഇന്ത്യയിൽ പ്രസക്തിയുണ്ടാകില്ലെന്നും ബദൽ ഇന്ധനങ്ങളിലേക്ക് മാറാത്തവർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരുവിൽ നടന്ന 'ബസ്‌വേൾഡ് ഇന്ത്യ കോൺക്ലേവ് 2025'ൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മലിനീകരണവും കുതിച്ചുയരുന്ന ഇന്ധന ഇറക്കുമതി ചെലവുമാണ് പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് ഭീഷണിയാകുന്നത്. ഇതിന് പരിഹാരമായി ബയോ ഫ്യുവൽ, സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലേക്ക് വാഹന നിർമ്മാതാക്കൾ ഉടൻ ചുവടുമാറണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാൻഡ്, വോൾവോ, മഹീന്ദ്ര തുടങ്ങിയ വമ്പൻ കമ്പനികൾ ഹൈഡ്രജൻ ഇന്ധന പരീക്ഷണങ്ങളിൽ സജീവമാണ്. നിലവിൽ പത്ത് പ്രധാന റൂട്ടുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കുന്നുണ്ട്. ഫ്ലെക്സ്-ഫ്യുവൽ എൻജിനുകളുടെ വികസനത്തിലും ഇന്ത്യ വൻ കുതിപ്പിലാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് 1,50,000 ഇലക്ട്രിക് ബസുകളുടെ ആവശ്യകതയുണ്ടാകുമെന്നും എന്നാൽ നിലവിലെ ഉൽപ്പാദന ശേഷി ഇതിന്റെ പകുതി മാത്രമാണെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് നിർമ്മാതാക്കൾക്ക് മന്ത്രി കർശന നിർദ്ദേശം നൽകി. ബസുകളുടെ ഫിസിക്കൽ പരിശോധനയുടെ വീഡിയോ അടക്കമുള്ള വിവരങ്ങൾ ഇനി 'വാഹൻ' പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. നിർമ്മാതാക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തൽ രീതിക്ക് പകരം കൃത്യമായ പരിശോധന ഉറപ്പാക്കുന്നതിനാണ് ഈ മാറ്റം. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിലൂടെ മലിനീകരണം കുറയ്ക്കാനും കൂടുതൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!