BoolokamBoolokam

പെണ്ണിന് പ്രായം പതിനെട്ട് തികഞ്ഞില്ലേ? ഒരു ശുഭ മൂഹുർത്തത്തിൽ കേരളം ഒറ്റകെട്ടായി നിന്ന് കല്യാണം നടത്തികൊടുത്തതോടെ പിടിച്ച പുലിവാല്; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ ദേശീയ പട്ടികവർഗ കമ്മീഷനും ഇടപെടുന്നു; മധ്യപ്രദേശ് പോലീസിനോട് ചോദിക്കുന്നത് ഇത്ര മാത്രം; ആ മിന്നുകെട്ടിൽ വിവാദം പുകയുമ്പോൾ

തിരുവനന്തപുരം/ഭോപ്പാൽ: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക ഇടപെടലുമായി ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ. കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ കേസുമായി ബന്ധപ്പെട്ട് എത്രയും വേഗം മറുപടി നൽകാൻ മധ്യപ്രദേശ് പോലീസിന് കമ്മീഷൻ കർശന നിർദ്ദേശം നൽകി. കേസ് സംബന്ധിച്ച വിശദീകരണവുമായി മധ്യപ്രദേശ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. വിവാഹത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് കമ്മീഷന്റെ പ്രധാന ആവശ്യം.

വിഷയത്തിൽ മധ്യപ്രദേശ്, കേരള പോലീസ് സേനകളുടെ ഭാഗം കേട്ട ശേഷമാണ് കമ്മീഷൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കുന്നതിനും സത്യം പുറത്തുകൊണ്ടുവരുന്നതിനും മധ്യപ്രദേശ് പോലീസ് നടത്തുന്ന അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കാൻ കേരള പോലീസിനോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തർസംസ്ഥാന ബന്ധങ്ങളുള്ള കേസ് ആയതിനാൽ ഇരു സംസ്ഥാനങ്ങളിലെയും അന്വേഷണ ഏജൻസികൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് കമ്മീഷൻ വിലയിരുത്തി. യുവതിയുടെ സുരക്ഷയും അവകാശങ്ങളും മുൻനിർത്തി അതീവ ഗൗരവത്തോടെയാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ഈ വിഷയത്തെ കാണുന്നത്.

കേരള ഹൈക്കോടതിയിൽ ഈ വിവാഹത്തെ സംബന്ധിച്ച് നിലനിൽക്കുന്ന പരാതികളിൽ ഉടൻ തന്നെ കൃത്യമായ വിവരങ്ങൾ സമർപ്പിക്കേണ്ടി വരുന്നത് മധ്യപ്രദേശ് പോലീസിന് വലിയ വെല്ലുവിളിയാണ്. വിവാഹത്തിന് പിന്നിൽ സാമ്പത്തികമോ സാമൂഹികമോ ആയ മറ്റ് അജണ്ടകൾ ഉണ്ടോ എന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്. കമ്മീഷന്റെ പുതിയ ഉത്തരവോടെ, വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച പാടില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര കമ്മീഷൻ.

അതേസമയം, പ്രണയം വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഇരുവരും തമ്പാനൂർ പോലീസിനെ സമീപിച്ചത്. തുടർന്ന് അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണഗുരുവിന്റെ പ്രതിഷ്ഠയ്ക്ക് മുന്നിൽവെച്ച് ഇരുവരും വിവാഹിതരായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവർ ഉൾപ്പെടെ വിവാഹത്തിന് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും അതിനാൽ വിവാഹം നിയമപരമല്ലെന്നുമുള്ള പ്രചാരണമുണ്ടായത്. സോഷ്യൽ മീഡിയയിലാണ് ഈ വാദം ഉയർന്നത്.

മഹാകുംഭമേളയിൽ മാല വിൽക്കാനായി എത്തിയ പെൺകുട്ടി പിന്നീട് വൈറലായപ്പോൾ വാർത്തകളിൽ കാണിച്ച പ്രായമാണ് ഇതിന് തെളിവായി സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയത്. ഇതോടെ ഇരുവരുടേയും വിവാഹത്തെ പിന്തുണച്ചവരിൽ പലരും ആശയക്കുഴപ്പത്തിലാവുകയും ചെയ്തിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!