BoolokamBoolokam

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വില്‍പന; സ്‌കൂള്‍ കുട്ടികള്‍ പോലും ഇരകള്‍; അശ്ലീല ഗ്രൂപ്പിന്റെ ഡിപി ആക്കിയത് പരാതിക്കാരിയുടെ ചിത്രം; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരനായ യുവാവിനെതിരെ പരാതി; കേസെടുത്ത് പൊലീസ്

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ സജീവമായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ഗ്രൂപ്പുകള്‍ വഴി വില്‍പന നടത്തുന്ന യുവാവിനെതിരെ പരാതി. ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അശ്ലീല ഉള്ളടക്കങ്ങള്‍ക്കൊപ്പം ചേര്‍ത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ വള്ളിക്കുന്ന് സ്വദേശി നിതിന്‍ മോഹന്‍ദാസിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. രാമനാട്ടുകര സ്വദേശിനിയായ യുവതിയാണ് ഈ സൈബര്‍ അതിക്രമത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. താന്‍ നേരിട്ട ദുരനുഭവം മാത്രമല്ല, നിരവധി പെണ്‍കുട്ടികളുടെയും യൂണിഫോം ധരിച്ച സ്‌കൂള്‍ കുട്ടികളുടെ പോലും ചിത്രങ്ങള്‍ ഇത്തരം ഗ്രൂപ്പുകളില്‍ വില്‍പനയ്ക്കും പരസ്പര കൈമാറ്റത്തിനുമായി (Exchange) ഉപയോഗിക്കുന്നുണ്ടെന്ന് യുവതി വെളിപ്പെടുത്തുന്നു. നിതിന്‍ മോഹന്‍ദാസ് എന്ന യുവാവ് തനിക്ക് പരിചയമുള്ള വ്യക്തിയാണെന്നും, ഒരു അശ്ലീല ഗ്രൂപ്പിന്റെ ഡിസ്‌പ്ലേ പിക്ചര്‍ (DP) ആയിപ്പോലും തന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും യുവതി ആരോപിക്കുന്നു.

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നതിന് പുറമെ, പെണ്‍കുട്ടികള്‍ക്ക് വാട്‌സ്ആപ്പിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ദൃശ്യങ്ങളും അയക്കുന്ന സ്വഭാവം ഇയാള്‍ക്കുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഏപ്രില്‍ 10-നാണ് തന്റെ ചിത്രം മോശം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് യുവതിയുടെ സഹോദരന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം 'തെറ്റുപറ്റിപ്പോയി' എന്ന് സമ്മതിച്ച പ്രതി, പിന്നീട് 'ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണ്' എന്ന വാദവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ പറയുന്നു. കെ.എസ്.ഇ.ബി.യില്‍ താത്കാലിക ജീവനക്കാരനായ ഇയാള്‍ക്കെതിരെ നേരത്തെയും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നെങ്കിലും, ഒരു 'പ്രമുഖന്റെ' ഇടപെടലിനെത്തുടര്‍ന്ന് പോലീസ് ഫോണ്‍ വിട്ടുനല്‍കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണവും യുവതി ഉന്നയിക്കുന്നുണ്ട്. പ്രതിയുടെ കുടുംബം കേസില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും, സൈബര്‍ ക്രിമിനലുകള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് യുവതിയുടെ തീരുമാനം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!