BoolokamBoolokam

പെരുമ്പാവൂരില്‍ രണ്ട് നഴ്സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു; മറ്റൊരു വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

കൊച്ചി: പെരുമ്പാവൂര്‍ അശമന്നൂരില്‍ പെരിയാര്‍വാലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. അശമന്നൂരില്‍ നഴ്സിങ് വിദ്യാര്‍ഥികളായ മലപ്പുറം സ്വദേശി അജ്മല്‍, കൊല്ലം സ്വദേശി അജ്‌സല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അശമന്നൂര്‍ കെ.എം.പി. നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥി സംഘമാണ് കനാലില്‍ കുളിക്കാനിറങ്ങിയത്. കനാലിലെ ശക്തമായ ഒഴുക്കില്‍ വിദ്യാര്‍ത്ഥികള്‍ പെട്ടുപോവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം ശ്രദ്ധയില്‍പ്പെട്ടയുടന്‍ നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒരാളെ ജീവനോടെ കരയ്‌ക്കെത്തിച്ച് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മറ്റു രണ്ടുപേരെ രക്ഷിക്കാനായില്ല.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അജ്മലിന്റെയും അജ്‌സലിന്റെയും മൃതദേഹങ്ങള്‍ കനാലില്‍ നിന്ന് കണ്ടെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!