
ദുബായ്/വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ കനക്കുന്നു. പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ഒരേയൊരു സ്ഥാനമേയുള്ളൂവെന്നും അത് കടലിന്റെ അടിത്തട്ടാണെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി പ്രഖ്യാപിച്ചതോടെ മേഖല അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ നാവിക ഉപരോധം പരാജയപ്പെടുമെന്ന് പ്രഖ്യാപിച്ച ഇറാന്‍, ഗള്‍ഫ് മേഖലയില്‍ നിന്നും ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ അന്ത്യം കുറിക്കുന്ന പുതിയ അധ്യായം തുടങ്ങിയതായും അവകാശപ്പെട്ടു.
ദേശീയ പേര്‍ഷ്യന്‍ ഗള്‍ഫ് ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട സന്ദേശത്തിലാണ് ഖമേനി അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചത്. 'ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം അധിനിവേശ മോഹങ്ങളുമായി എത്തുന്ന വിദേശികള്‍ക്ക് ഇവിടെ സ്ഥാനമില്ല. അയല്‍രാജ്യങ്ങളുമായി ചേര്‍ന്ന് ഈ ജലപാതയുടെ നിയന്ത്രണം ഇറാന്‍ ഏറ്റെടുക്കും. ശത്രുക്കളുടെ എല്ലാ അതിക്രമങ്ങളും അവസാനിപ്പിക്കും,' ഖമേനി വ്യക്തമാക്കി. പിതാവ് അലി ഖമേനിയുടെ മരണശേഷം അധികാരമേറ്റ മുജ്തബ ഖമേനി ഇതാദ്യമായാണ് ഇത്രയും രൂക്ഷമായ പ്രതികരണം നടത്തുന്നത്. ഇതോടെ ഇനി സമാധാന ചര്‍ച്ചകളുടെ പ്രസക്തിയും തീരുകയാണ്.
ഇറാന്‍ പ്രകോപനം കടുപ്പിച്ചതോടെ സൈനികമായ തിരിച്ചടിക്ക് അമേരിക്കയും കോപ്പുകൂട്ടുകയാണ്. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനുള്ള രഹസ്യ പദ്ധതികള്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പ്രസിഡന്റ് ട്രംപിന് മുന്നില്‍ സമര്‍പ്പിച്ചു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി കരസേനയെ ഇറക്കുന്നതും ഇറാന്റെ ആണവ ശേഖരം പിടിച്ചെടുക്കാന്‍ സ്പെഷ്യല്‍ ഫോഴ്സിനെ നിയോഗിക്കുന്നതും ഉള്‍പ്പെടെയുള്ള അപകടകരമായ നീക്കങ്ങളാണ് പെന്റഗണ്‍ ആലോചിക്കുന്നത്.
വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള വാക്‌പോരും സൈനിക നീക്കങ്ങളും ആഗോള വിപണിയെയും പിടിച്ചുലച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 125 ഡോളര്‍ കടന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം എണ്ണവില രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം മാസങ്ങളായി തടസ്സപ്പെട്ടത് ആഗോള സമ്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
യുദ്ധഭീതി ഏഷ്യന്‍ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷയെയും ബാധിച്ചു തുടങ്ങി. ഇറാന്‍ സംഘര്‍ഷം പടരുന്നതോടെ ഏഷ്യയിലുടനീളം കര്‍ഷകര്‍ നെല്‍കൃഷി വെട്ടിക്കുറയ്ക്കുന്നത് അരിക്ഷാമത്തിന് കാരണമാകുമെന്ന ഭീതി ഉയര്‍ത്തുന്നുണ്ട്. വിതരണ ശൃംഖല തകരാറിലായതും വളത്തിന്റെ വില വര്‍ദ്ധിച്ചതുമാണ് കര്‍ഷകരെ പിന്നോട്ടടിപ്പിക്കുന്നത്.
അതിനിടെ, നാറ്റോ സഖ്യകക്ഷിയായ ജര്‍മ്മനിയുമായും ട്രംപ് കൊമ്പുകോര്‍ക്കുകയാണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സുമായി ഉടലെടുത്ത തര്‍ക്കത്തെത്തുടര്‍ന്ന് ജര്‍മ്മനിയിലുള്ള അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇറാന്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ മെര്‍സ് തികഞ്ഞ പരാജയമാണെന്നാണ് ട്രംപിന്റെ ആരോപണം. എന്നാല്‍ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചാല്‍ നേരിടാന്‍ തയ്യാറാണെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍ പ്രതികരിച്ചു.
ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ ഇറാന്‍ വിഷയത്തില്‍ തന്നെ സഹായിക്കുമായിരുന്നുവെന്ന ട്രംപിന്റെ പരാമര്‍ശവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. നയതന്ത്ര നീക്കങ്ങളേക്കാള്‍ സൈനികമായ ബലപ്രയോഗത്തിലൂടെ ഇറാനെ മുട്ടുകുത്തിക്കാമെന്നാണ് ട്രംപിന്റെയും സംഘത്തിന്റെയും ഉറച്ച വിശ്വാസം.
ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും അമേരിക്കയ്ക്കെതിരെ രംഗത്തെത്തി. അമേരിക്കന്‍ സാന്നിധ്യമില്ലാത്ത, അയല്‍രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള ഒരു പേര്‍ഷ്യന്‍ ഗള്‍ഫാണ് ഇറാന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അമേരിക്കയുടെ സാമ്പത്തിക ഉപരോധവും നാവിക ഉപരോധവും ഇറാനെ തളര്‍ത്തുന്നുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തല്‍.നിലവില്‍ ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് വന്‍ യുദ്ധസന്നാഹമാണ് ഇരുപക്ഷവും ഒരുക്കിയിരിക്കുന്നത്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയാന്‍ ഏത് അറ്റകൈ പ്രയോഗത്തിനും താന്‍ തയ്യാറാണെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മേല്‍ 'ചെറുതും എന്നാല്‍ ശക്തവുമായ' (ടവീൃ േമിറ ുീംലൃളൗഹ) ആക്രമണങ്ങള്‍ നടത്താനാണ് സൈനിക നിര്‍ദ്ദേശം.
ആഗോള രാഷ്ട്രീയ ഭൂപടത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്ന ഒന്നായി ഈ സംഘര്‍ഷം മാറുകയാണ്. ഗള്‍ഫ് രാജ്യങ്ങളും ഈ പോരാട്ടത്തില്‍ ആരെ പിന്തുണയ്ക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അത് ലോകരാജ്യങ്ങളെയാകെ ബാധിക്കുന്ന സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
വരും മണിക്കൂറുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് സൈനിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും അമേരിക്ക സൈനിക നീക്കം ആരംഭിക്കുകയും ചെയ്താല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് ഒരു വന്‍ യുദ്ധക്കളമായി മാറും. എണ്ണവില ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളും കടുത്ത ജാഗ്രതയിലാണ്.
