BoolokamBoolokam

പൊന്നാനി ഹാര്‍ബറിന് സമീപം കണ്ടെത്തിയ മൃതദേഹം ഫാത്തിമയുടേത്; ബീച്ചിലെത്തിയത് ഭര്‍ത്താവിനൊപ്പം; ട്രെയിനിന് മുന്നില്‍ ചാടാന്‍ നില്‍ക്കവെ യുവാവ് പിടിയില്‍! അന്വേഷണം തുടരുന്നു

മലപ്പുറം: മലപ്പുറം പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് കണ്ടെത്തിയ യുവതിയുടെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞു. പൊന്നാനി രായിന്‍മരക്കാര്‍ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (22) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് മുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തു. പൊന്നാനി സ്വദേശിനിയായ ഫാത്തിമയുടെ മരണം കേവലം ഒരു അപകടമല്ലെന്നും, അസ്വഭാവികതയുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഹാര്‍ബര്‍ പരിസരത്ത് മണലില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം പ്രാഥമിക പരിശോധനയില്‍ തന്നെ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് തിരൂര്‍ ഡിവൈഎസ്പി സിദ്ധിഖ് വ്യക്തമാക്കിയതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

സംഭവദിവസം ഫാത്തിമയും ഭര്‍ത്താവ് മുഹമ്മദും ഒരുമിച്ചാണ് ബീച്ചിലേക്ക് പോയതെന്ന വിവരം അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ഇതിന് പിന്നാലെ മുഹമ്മദിനെ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ പരപ്പനങ്ങാടി റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിക്കപ്പെടുമെന്ന ഭയത്താല്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ വലയിലാക്കിയത്. കുടുംബജീവിതത്തിലെ സംശയങ്ങളാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയോടുള്ള അനാവശ്യമായ സംശയത്തെത്തുടര്‍ന്ന് മുഹമ്മദ് ഫാത്തിമയെ അപായപ്പെടുത്തിയതാണെന്ന സൂചനകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ട സാക്ഷികളുണ്ട്. ബീച്ചിലെത്തിയ ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെങ്കിലും മുഹമ്മദിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായി ഹാര്‍ബര്‍ പരിസരത്തെയും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇരുവര്‍ക്കും നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിലെ കാല് തെരുവ് നായ്ക്കള്‍ വലിച്ചിഴക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മണലില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!