
പാനൂര്‍: തിരഞ്ഞെടുപ്പ് ചൂടിനും രാഷ്ട്രീയ കൊലപാതകങ്ങളുടെ നടുക്കത്തിനും പിന്നാലെ കണ്ണൂര്‍ പൊയിലൂരില്‍ വീണ്ടും വന്‍ ബോംബ് ശേഖരം കണ്ടെത്തി. ജനവാസ മേഖലയ്ക്ക് സമീപം ഐസ്‌ക്രീം കണ്ടെയ്നറുകളിലാക്കി സൂക്ഷിച്ച അഞ്ച് ബോംബുകളും ഒരു നാടന്‍ ബോംബുമാണ് പോലീസ് കണ്ടെടുത്തത്. ഞായറാഴ്ച ഉച്ചയോടെ പാനൂര്‍ പോലീസ് നടത്തിയ റെയ്ഡിലാണ് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്.
പൊയിലൂരിലെ ആള്‍വാസമില്ലാത്ത പറമ്പില്‍ സംശയാസ്പദമായ രീതിയില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാരകമായ ബോംബുകള്‍ കണ്ടെത്തിയത്. ഐസ്‌ക്രീം ബോക്‌സുകള്‍ക്കുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് സുരക്ഷിതമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സമീപത്തുനിന്ന് തന്നെ കരുത്തുറ്റ ഒരു നാടന്‍ ബോംബും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പാനൂര്‍ മേഖലയില്‍ സ്‌ഫോടനങ്ങളും ബോംബ് വേട്ടയും തുടര്‍ച്ചയാകുന്നത് നാട്ടുകാരെ കടുത്ത ഭീതിയിലാഴ്ത്തുകയാണ്. അടുത്തിടെ നടന്ന സ്‌ഫോടനത്തില്‍ യുവാക്കള്‍ കൊല്ലപ്പെട്ടതിന്റെ ആഘാതം മാറും മുന്‍പേ വീണ്ടും മാരക സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നത് മേഖലയില്‍ വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം.
