
കൊല്ലം: കരുനാഗപ്പള്ളിയിൽ പാചകവാതക ടാങ്കർ മറിഞ്ഞുണ്ടായ വാതകച്ചോർച്ച ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് നിയന്ത്രണവിധേയമാക്കി. ചൊവ്വാഴ്ച പുലർച്ചെ 12:40-ഓടെ കന്നേറ്റി പാലത്തിന് സമീപം കരോട്ട് ജംഗ്ഷനിലായിരുന്നു അപകടം. പാരിപ്പള്ളിയിൽ നിന്നും ഉദയംപേരൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി, ഒരു ബൈക്ക് അശ്രദ്ധമായി ഓവർടേക്ക് ചെയ്തപ്പോൾ വെട്ടിത്തിരിക്കുകയും നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയുമായിരുന്നു.
മറിഞ്ഞ ടാങ്കറിൽ നിന്ന് വാതകം ചോരാൻ തുടങ്ങിയത് പ്രദേശത്ത് വൻ ഭീതി പരത്തി. അപകടത്തിൽപ്പെട്ട ടാങ്കറിൽ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളോ സ്പെയർ പാർട്സുകളോ ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. എന്നാൽ പിന്നാലെ വന്ന മറ്റൊരു ടാങ്കറിൽ നിന്ന് 'സ്പെയർ ഗേജ്' എത്തിച്ച് ചോർച്ച അടച്ചതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
അഗ്നിശമന സേനാംഗങ്ങൾ അപകടസ്ഥലത്ത് നിരന്തരമായി വെള്ളം സ്പ്രേ ചെയ്ത് വാതകത്തിന്റെ തീവ്രത കുറയ്ക്കുകയും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്തു. ഇതിനുശേഷമാണ് ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റിയത്. കരുനാഗപ്പള്ളി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. അധികൃതരുടെ ജാഗ്രതയോടെയുള്ള പ്രവർത്തനം കൊണ്ട് ഒരു വലിയ വിപത്ത് ഒഴിവായ ആശ്വാസത്തിലാണ് നാട്.
