
ന്യൂഡല്‍ഹി: ബംഗാളിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നു. ഭൂരിഭാഗം സര്‍വേകളും ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം പ്രവചിക്കുമ്പോള്‍, അസമില്‍ എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്നാണ് സൂചനകള്‍. ഈ പ്രവചനങ്ങളോട് സമ്മിശ്ര പ്രതികരണമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രേഖപ്പെടുത്തുന്നത്. ബംഗാളിലെ 294 അംഗ നിയമസഭയില്‍ ഭരണത്തുടര്‍ച്ചയ്ക്കായി 148 സീറ്റുകളാണ് വേണ്ടത്. പി-മാര്‍ക്ക് (P-Mark) പോലുള്ള പ്രമുഖ ഏജന്‍സികള്‍ ബിജെപിക്ക് 150 മുതല്‍ 175 സീറ്റുകള്‍ വരെ പ്രവചിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് 118-138 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഈ പ്രവചനങ്ങളെ മമത ബാനര്‍ജിയുടെ പാര്‍ട്ടി പാടേ തള്ളിക്കളയുകയാണ്. അതേസമയം, ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ബിജെപി സംസ്ഥാനത്ത് 50 സീറ്റ് പോലും കടക്കില്ലെന്നും തൃണമൂല്‍ 235 സീറ്റുകള്‍ നേടി നാലാം തവണയും അധികാരത്തിലെത്തുമെന്നും നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മുന്‍കാലങ്ങളിലെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പാളിയ ചരിത്രമാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ടിഎംസിക്ക് ഭൂരിപക്ഷം പ്രവചിച്ചെങ്കിലും ആരും 200 കടക്കുമെന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ 215 സീറ്റുകളോടെ മമത അധികാരം നിലനിര്‍ത്തി. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം പ്രവചിക്കപ്പെട്ടെങ്കിലും 42-ല്‍ 29 സീറ്റും നേടി തൃണമൂല്‍ ആധിപത്യം ഉറപ്പിച്ചു. ഇന്ന് രണ്ട് ഏജന്‍സികള്‍ കൂടി ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നുണ്ട്. ഇതും നേതാക്കള്‍ കാത്തിരിക്കുകയാണ്.
റെക്കോഡ് പോളിംഗും ക്രമക്കേട് പരാതികളും
ബംഗാള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത് (92.49%). രണ്ടാം ഘട്ടത്തില്‍ ഇത് 92.67 ശതമാനമായി ഉയര്‍ന്നു. അതേസമയം, തെരഞ്ഞെടുപ്പ് നടപടികളില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഡയമണ്ട് ഹാര്‍ബറില്‍ വോട്ടിംഗ് മെഷീനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് ടേപ്പ് ഒട്ടിച്ച് മറച്ചതടക്കം 77 പരാതികളാണ് ലഭിച്ചത്. ഇത്തരം ഇടങ്ങളില്‍ റീപോളിംഗ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
അസമില്‍ പതറി കോണ്‍ഗ്രസ്
അസമില്‍ എന്‍ഡിഎ വന്‍ വിജയം നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പിനെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. പാര്‍ട്ടിയുടെ അവസാന നിമിഷത്തെ തന്ത്രങ്ങള്‍ പിഴച്ചോ എന്ന ആശങ്കയിലാണ് നേതൃത്വം. എഐയുഡിഎഫുമായും ബോഡോ പാര്‍ട്ടികളുമായും സഖ്യം ചേരാത്തതും, ഗൗരവ് ഗോഗോയിയെ പിസിസി അധ്യക്ഷനായി നിയമിച്ചതും പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
