BoolokamBoolokam

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തന്‍ കഴിച്ചു; ഒരുകുടുംബത്തിലെ നാലുപേരുടെ ദുരൂഹ മരണം; മുംബൈയിലെ കൂട്ടമരണത്തിന് പിന്നാലെ പഴക്കച്ചവടക്കാര്‍ മുങ്ങി; വിപണിയില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം; സാമ്പിളുകള്‍ പരിശോധിക്കാന്‍ ഒരെണ്ണം പോലും കിട്ടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍

മുംബൈ: ദക്ഷിണ മുംബൈയിലെ പൈധുനിയില്‍ ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തന്‍ കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ ദൂരുഹത തുടരുന്നതിനിടെ വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷമായി. ഈ മാസം 27നായിരുന്നു ദുരൂഹമായ കൂട്ടമരണം നടന്നത്. പൈധുനിയിലെ മാര്‍ക്കറ്റുകളില്‍ നിന്ന് തണ്ണിമത്തന്‍ വില്‍പനക്കാര്‍ കൂട്ടത്തോടെ അപ്രത്യക്ഷമായതായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. തണ്ണിമത്തന്‍ കഴിച്ചതാണ് മരണകാരണമെന്ന സംശയം ശക്തമായതോടെയാണ് വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ കച്ചവടക്കാര്‍ കൂട്ടത്തോടെ അപ്രത്യക്ഷമായത്. ഏപ്രില്‍ 27-ന് നടന്ന ഈ കൂട്ടമരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നതിനിടെയാണ് പ്രാദേശിക വിപണികള്‍ നിശ്ചലമായത്.

പൈധുനി സ്വദേശിയായ അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസീം (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെയാണ് ഇവര്‍ക്ക് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും കാരണം അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരുമിച്ച് ഭക്ഷണം കഴിച്ച കുടുംബം ഒന്നടങ്കം മരണപ്പെട്ടത് വലിയ നടുക്കമാണ് മുംബൈയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

മരണകാരണം തണ്ണിമത്തനിലെ വിഷാംശമാകാം എന്ന നിഗമനത്തില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) അന്വേഷണം ആരംഭിച്ചെങ്കിലും പരിശോധനയ്ക്കായി ഒരു തണ്ണിമത്തന്‍ പോലും കണ്ടെത്താനായില്ല എന്നതാണ് വിരോധാഭാസം. പൈധുനിയിലെയും സമീപപ്രദേശങ്ങളിലെയും മാര്‍ക്കറ്റുകളില്‍ നിന്ന് തണ്ണിമത്തന്‍ വ്ില്പനക്കാര്‍ ഒന്നടങ്കം മുങ്ങിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ നടപടി ഭയന്നാണോ അതോ മനഃപൂര്‍വ്വമാണോ ഇവര്‍ മാറിനില്‍ക്കുന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബം പഴം വാങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ ബന്ധുക്കള്‍ക്കും സാധിച്ചിട്ടില്ല.

സംഭവം ദക്ഷിണ മുംബൈയില്‍ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്രോഫോര്‍ഡ് മാര്‍ക്കറ്റ്, ബൈക്കുല്ല തുടങ്ങിയ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ തണ്ണിമത്തന്‍ വ്ില്പന കുത്തനെ ഇടിഞ്ഞു. ജ്യൂസ് സെന്ററുകളിലും തണ്ണിമത്തന്‍ ജ്യൂസിന് ആവശ്യക്കാര്‍ ഇല്ലാതായിരിക്കുകയാണ്. ഏകദേശം 50 ശതമാനത്തോളം കച്ചവടം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാജവാര്‍ത്തകളും ഭീതിയും ബിസിനസിനെ സാരമായി ബാധിച്ചുവെന്ന് കച്ചവടക്കാര്‍ പരാതിപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ പേടി മാറിയിട്ടില്ല.

ബിരിയാണിയും തണ്ണിമത്തനും കഴിച്ചതുകൊണ്ട് മാത്രം ഇത്തരമൊരു ദുരന്തം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. ഇതൊരു വിചിത്രമായ കേസായിട്ടാണ് എഫ്.ഡി.എ കാണുന്നത്. ഭക്ഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം കലര്‍ന്നതാണോ അതോ തണ്ണിമത്തന്‍ വേഗത്തില്‍ പഴുക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണോ വില്ലനായതെന്ന് കണ്ടെത്തേണ്ടതുണ്ട്. കുടുംബം കഴിച്ച ഭക്ഷണത്തിന്റെ ബാക്കി ഭാഗങ്ങള്‍ ലാബ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ ദക്ഷിണ മുംബൈയെ മുനമ്പില്‍ നിര്‍ത്തിയിരിക്കുന്ന ഈ മരണങ്ങളുടെ യഥാര്‍ത്ഥ രഹസ്യം പുറത്തുവരുകയുള്ളൂ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തന്‍ കഴിച്ചു; ഒരുകുടുംബത്തിലെ നാലുപേരുടെ ദുരൂഹ മരണം; മുംബൈയിലെ കൂട്ടമരണത്തിന് പിന്നാലെ പഴക്കച്ചവടക്കാര്‍ മുങ്ങി; വിപണിയില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം; സാമ്പിളുകള്‍ പരിശോധിക്കാന്‍ ഒരെണ്ണം പോലും കിട്ടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ - Marunadan Malayali | Boolokam