
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂര്‍ തലശ്ശേരി കൊളവല്ലൂരില്‍ കണ്ടെത്തിയത് ബോംബുകളല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് ബോംബുകളല്ലെന്ന് വ്യക്തമായത്. എം-സാന്റും കല്ലുകളും നിറച്ച് ബോംബിന്റെ ആകൃതിയിലാക്കിയതാണെന്നും പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് തലശ്ശേരി കൊളവല്ലൂരില്‍ മേപ്പാട് വ്യാജ ബോംബ് ശേഖരം കണ്ടെത്തിയത്. അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. തെങ്ങിന്‍ തോട്ടത്തില്‍ ബക്കറ്റില്‍ പൂഴി നിറച്ച നിലയിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് എം-സാന്റും കല്ലുകളും നിറച്ച് ബോംബിന്റെ ആകൃതിയിലാക്കി ജനങ്ങളില്‍ ഭീതി പരത്താന്‍ മനഃപൂര്‍വ്വം ഉപേക്ഷിച്ചവയാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു.
തെങ്ങിന്‍ തോട്ടത്തില്‍ ബക്കറ്റില്‍ പൂഴി നിറച്ച നിലയിലായിരുന്നു അഞ്ച് ഐസ്‌ക്രീം ബോംബുകളും ഒരു നാടന്‍ ബോംബും കണ്ടെത്തിയത്. സ്‌ഫോടകവസ്തുക്കളാണെന്ന സംശയത്തെത്തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാല്‍ ഇവയ്ക്കുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ക്ക് പകരം മണലും കല്ലുമാണെന്ന് കണ്ടെത്തുകയായിരുന്നു. വോട്ടെണ്ണല്‍ അടുത്തിരിക്കെ പ്രദേശത്ത് മനഃപൂര്‍വ്വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണോ ഇതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
രണ്ട് ദിവസം മുന്‍പ് പാനൂരിലെ മേലെ പുക്കോം പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്ന് യഥാര്‍ത്ഥ ബോംബുകള്‍ കണ്ടെടുത്തിരുന്നു. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ കെട്ടുബോംബുമാണ് അന്ന് പോലീസ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് കൊളവല്ലൂരിലും ബോംബ് ഭീതി ഉയര്‍ന്നത്. സമാനമായ രീതിയില്‍ വടകര ചാനിയം കടവിലും സ്റ്റീല്‍ പാത്രങ്ങളില്‍ മണ്ണ് നിറച്ച് ബോംബ് മാതൃകയില്‍ റോഡരികില്‍ ഉപേക്ഷിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോംബ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസ് പരിശോധന ശക്തമായി തുടരുമെന്നും വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
