
കൊച്ചി: ഷറഫുദ്ദീനെ നായകനാക്കി വിഷ്ണു അരവിന്ദ് ഒരുക്കിയ 'മധുവിധു' ആദ്യ വാരാന്ത്യത്തിൽ തന്നെ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം നാല് ദിവസം കൊണ്ട് 4.3 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. ഈ വർഷം തിയറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ച ആട് 3, പ്രകമ്പനം, വാഴ 2, മോഹിനിയാട്ടം തുടങ്ങിയ ഹിറ്റുകളുടെ നിരയിലേക്കാണ് 'മധുവിധു'വും ഇടംപിടിക്കുന്നത്. വലിയ താരപ്പകിട്ടുകളില്ലാതെ എത്തുന്ന ചെറിയ സിനിമകളെ പ്രേക്ഷകർ നെഞ്ചേറ്റുന്ന കാഴ്ചയാണ് 2026-ൽ കാണുന്നത്.
വെക്കേഷൻ കാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരേപോലെ ആസ്വദിക്കാവുന്ന വിനോദമാണ് ചിത്രത്തിന്റെ വിജയരഹസ്യം. ഷറഫുദ്ദീനും അസീസ് നെടുമങ്ങാടും ചേർന്നൊരുക്കുന്ന തമാശ രംഗങ്ങൾ തിയറ്ററുകളിൽ ചിരിയലകൾ സൃഷ്ടിക്കുന്നു. ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. സായ്കുമാർ, ജഗദീഷ്, സഞ്ജു മധു, വിനീത് തട്ടിൽ, ബിന്ദു പണിക്കർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ്. ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതവും വിശ്വജിത് ഒടുക്കത്തിലിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. 'ഗഗനചാരി', 'പൊന്മാൻ' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അജിത് വിനായക ഫിലിംസ് പുറത്തിറക്കിയ ഈ ചിത്രം വിദേശത്തും മികച്ച പ്രതികരണമാണ് നേടുന്നത്.
