
കൊല്‍ക്കത്ത: കിഴക്കന്‍ കാറ്റ് ഇത്തവണ ബംഗാളിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ? പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കൊല്‍ക്കത്തയിലെ തെരുവുകളില്‍ ആവേശം ആവിയായും പ്രതിഷേധം കനലായും പടരുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായതോടെ മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും അവസാനവട്ട പ്രതിരോധത്തിലാണ്. ഭവാനിപുരിലെ സ്‌ട്രോങ്ങ് റൂമുകള്‍ക്ക് മുന്നില്‍ മമത നേരിട്ടെത്തിയതോടെ പോരാട്ടം വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് മാറിയിരിക്കുന്നു.
സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇവിഎമ്മുകളുടെ സുരക്ഷയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച മമത, കേന്ദ്ര ഏജന്‍സികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ യുദ്ധപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. സ്‌ട്രോങ്ങ് റൂമില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ കേന്ദ്ര സേന തടഞ്ഞത് ജനാധിപത്യവിരുദ്ധമാണെന്ന് 'ദീദി' ആരോപിക്കുന്നു. വോട്ടെണ്ണലില്‍ നേരിയ ക്രമക്കേട് പോലും അനുവദിക്കില്ലെന്നും അത്തരമൊരു നീക്കമുണ്ടായാല്‍ ബംഗാള്‍ തെരുവുകളില്‍ പൊരുതുമെന്നുമാണ് തൃണമൂല്‍ നല്‍കുന്ന മുന്നറിയിപ്പ്.
നാടകീയ രംഗങ്ങള്‍ക്കാണ് നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയം സാക്ഷിയായത്. ബിജെപി സഹായത്തോടെ ഉദ്യോഗസ്ഥര്‍ ബാലറ്റ് പെട്ടികള്‍ തുറക്കാന്‍ ശ്രമിച്ചെന്ന തൃണമൂലിന്റെ ആരോപണം രാഷ്ട്രീയ വൃത്തങ്ങളെ പിടിച്ചുലച്ചു. ചില സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ടിഎംസി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മെഷീനുകള്‍ സുരക്ഷിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവര്‍ത്തിക്കുമ്പോഴും കൊല്‍ക്കത്തയിലെ സംഘര്‍ഷാവസ്ഥ അയയുന്നില്ല.
എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നതുപോലെ 15 വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിന് വിരാമമാകുമോ എന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്ന പ്രധാന ചോദ്യം. മിക്ക സര്‍വേകളും കാവിപ്പടയുടെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. 'ചാണക്യ സ്ട്രാറ്റജീസി'ന്റെ കണക്കുകള്‍ തൃണമൂല്‍ ക്യാമ്പിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ബിജെപി 160 സീറ്റുകള്‍ വരെ നേടി അധികാരം പിടിക്കുമെന്നും ടിഎംസി വെറും 40 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നുമാണ് ഈ പ്രവചനം. ഈ കണക്കുകള്‍ സത്യമായാല്‍ ബംഗാള്‍ രാഷ്ട്രീയത്തിലെ ചരിത്രപരമായ അട്ടിമറിയാകും അത്.
ഇത്തവണത്തെ പോളിങ് ശതമാനമാണ് രാഷ്ട്രീയ നിരീക്ഷകരെ കുഴയ്ക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനമാണ് (92.47%) ബംഗാളില്‍ ഇത്തവണ രേഖപ്പെടുത്തിയത്. നിശബ്ദമായ ഒരു തരംഗം ബംഗാളിന്റെ മണ്ണിലുണ്ടെന്ന് ഈ കണക്കുകള്‍ അടിവരയിടുന്നു. സാധാരണയായി ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുമ്പോഴാണ് ഇത്രയും ഉയര്‍ന്ന പോളിങ് ഉണ്ടാകാറുള്ളതെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍, തങ്ങളുടെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്ന് മമതയും വിശ്വസിക്കുന്നു.
ബംഗാളിന്റെ പെണ്‍മനസ്സ് ആര്‍ക്കൊപ്പം നില്‍ക്കും എന്നതും നിര്‍ണ്ണായകമാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ (92.28%) വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ 'ലക്ഷ്മി ഭണ്ഡാര്‍' ഉള്‍പ്പെടെയുള്ള മമതയുടെ പദ്ധതികള്‍ തുണയാകുമെന്ന പ്രതീക്ഷയിലാണ് തൃണമൂല്‍. എന്നാല്‍, തൊഴിലില്ലായ്മയും അഴിമതിയും സ്ത്രീ സുരക്ഷയും മുന്‍നിര്‍ത്തി ബിജെപി നടത്തിയ പ്രചാരണം പെണ്‍വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് വോട്ടെണ്ണല്‍ ദിനത്തില്‍ അറിയാം.
നാലാം തീയതി വോട്ടെണ്ണല്‍ നടക്കുമ്പോള്‍ സംസ്ഥാനത്ത് വലിയ തോതിലുള്ള അക്രമസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സംഘര്‍ഷം തടയാന്‍ കേന്ദ്ര സേനയെ വ്യാപകമായി വിന്യസിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. രാഷ്ട്രീയ വൈരാഗ്യം വ്യക്തിപരമായ പോരിലേക്ക് മാറിയ ബംഗാളില്‍, തോല്‍ക്കുന്ന പക്ഷം വലിയ പ്രതിഷേധങ്ങളുണ്ടാകുമെന്ന് ഇരു പാര്‍ട്ടികളും ഭയക്കുന്നു.
സന്ദേശ്ഖാലി മുതല്‍ സിംഗൂര്‍ വരെ നീളുന്ന വിവാദങ്ങള്‍ ഇത്തവണത്തെ വോട്ടിങ്ങില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗ്രാമീണ വോട്ടുകളില്‍ ബിജെപി നടത്തുന്ന വിള്ളലുകള്‍ തടയാന്‍ മമതയ്ക്ക് സാധിച്ചിട്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുസ്ലിം വോട്ടുകളുടെ ഏകീകരണം പണ്ടത്തെപ്പോലെ തൃണമൂലിന് ഉറപ്പിക്കാന്‍ കഴിയാത്തതും ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണവും ബിജെപിക്ക് കരുത്താകുന്നുണ്ട്.
മമത ബാനര്‍ജിയുടെ വ്യക്തിപ്രഭാവവും അമിത് ഷാ - മോദി കൂട്ടുകെട്ടിന്റെ സംഘടനാ കരുത്തും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണിത്. ഭരണം നിലനിര്‍ത്താന്‍ കഴിയാഞ്ഞാല്‍ ദേശീയ രാഷ്ട്രീയത്തില്‍ മമതയുടെ സ്വാധീനം ഇടിയുകയും ഇന്ത്യ സഖ്യത്തില്‍ തൃണമൂലിന്റെ പ്രസക്തി കുറയുകയും ചെയ്യും. അതിനാല്‍ തന്നെ മമതയെ സംബന്ധിച്ചിടത്തോളം ഇത് നിലനില്‍പ്പിന്റെ പോരാട്ടം കൂടിയാണ്.
