
മുംബൈ: മകൻ ജുനൈദ് ഖാൻ നായകനായി എത്തുന്ന സിനിമയുടെ മുംബൈയിൽ നടന്ന സംഗീത വിരുന്നിൽ വികാരാധീനനായി ബോളിവുഡ് താരം ആമിർ ഖാൻ. 'ഏക് ദിൻ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ആമിർ ഖാൻ നിയന്ത്രണം വിട്ട് കരഞ്ഞത്. ജുനൈദിനും ചിത്രത്തിലെ നായിക സായ് പല്ലവിക്കുമൊപ്പമാണ് ആമിർ ഇരുന്നിരുന്നത്. പാട്ടുകൾ കേട്ടുകൊണ്ടിരിക്കെ കണ്ണീർ വാർത്ത ആമിറിനെ സായ് പല്ലവി സംസാരിച്ച് ആശ്വസിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിതാവിനെ ചേർത്തുപിടിച്ച് ജുനൈദും ആശ്വാസമേകി.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സായ് പല്ലവി അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും 'ഏക് ദിൻ' എന്ന സിനിമയ്ക്കുണ്ട്. ലജ്ജാലുവായ ഒരു യുവാവിന് തന്റെ സഹപ്രവർത്തകയോട് തോന്നുന്ന തീവ്രമായ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ജപ്പാനിൽ വെച്ച് നായികയ്ക്ക് സംഭവിക്കുന്ന ഒരപകടവും തുടർന്നുണ്ടാകുന്ന 'ട്രാൻസിയന്റ് ഗ്ലോബൽ അംനേഷ്യ' (TGA) എന്ന സങ്കീർണ്ണമായ അവസ്ഥയുമാണ് ചിത്രത്തെ വഴിതിരിച്ചുവിടുന്നത്. തന്റെ ജീവൻ രക്ഷിച്ച നായകനെ മാത്രം ഓർമ്മിക്കുന്ന നായികയിലൂടെ പ്രണയത്തിന്റെ പുതിയ തലങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.
ആമിർ ഖാന്റെ ദീർഘകാല സഹായിയായിരുന്ന സുനിൽ പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വർഷങ്ങൾക്ക് ശേഷം ആമിർ ഖാനും മൻസൂർ ഖാനും നിർമ്മാതാക്കളായി വീണ്ടും കൈകോർക്കുന്നു എന്നതും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. 'ഖയാമത്ത് സേ ഖയാമത്ത് തക്', 'ജോ ജീതാ വോഹി സിക്കന്ദർ' തുടങ്ങിയ ക്ലാസിക് സിനിമകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.
