BoolokamBoolokam

മണം പിടിച്ച് പോലീസ് നായ നേരെ ഓടിയത് ക്വാറിക്ക് സമീപം; സ്കൂബാ ടീമിന്റെ അന്വേഷണത്തിൽ കിട്ടയത് 76കാരന്റെ മൃതദേഹം; നടുക്കം മാറാതെ പ്രദേശം

കോഴിക്കോട്: അത്തോളിയിൽ കാണാതായ വയോധികനെ വീടിന് സമീപത്തെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടശ്ശേരി അഴയിൽ ചേക്കുട്ടി (76) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് അത്തോളി പൊലീസും ഡോഗ് സ്‌ക്വാഡും ഫയർഫോഴ്സും പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തിവരികയായിരുന്നു.

വീട്ടുമുറ്റത്ത് അഴിച്ചുവെച്ച ചെരുപ്പിന്റെ മണം പിടിച്ച് പൊലീസ് നായ സമീപത്തെ ക്വാറി വരെ എത്തിയതാണ് തിരച്ചിലിൽ നിർണ്ണായകമായത്. തുടർന്ന് കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ. ബിജുവിന്റെ നേതൃത്വത്തിൽ വെള്ളിമാട്കുന്നിൽ നിന്നുള്ള സ്കൂബ ടീം സ്ഥലത്തെത്തി പരിശോധന നടത്തി. അണ്ടർ വാട്ടർ ക്യാമറകൾ ഉൾപ്പെടെ ഉപയോഗിച്ച് സമീപത്തെ അഞ്ച് ക്വാറികളിലെ വെള്ളക്കെട്ടുകളിൽ ഇന്നലെ വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് മൃതദേഹം പാറക്കുളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. അത്തോളി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!