
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇലകമണില്‍ കുടുംബതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് നേരെ ഭാര്യയുടെയും ഭാര്യാപിതാവിന്റെയും ക്രൂരമായ ആക്രമണം. ഇലകമണ്‍ സ്വദേശിയായ സിനുവിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ വിചിത്രയെയും പിതാവിനെയും കേന്ദ്രീകരിച്ച് അയിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ സിനുവിന്റെ വീട്ടിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. മറ്റൊരു യുവതിയുമായി സിനു വീട്ടിലെത്തിയതാണ് ഭാര്യയെയും ഭാര്യാപിതാവിനെയും പ്രകോപിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ വിചിത്രയും പിതാവും ചേര്‍ന്ന് സിനുവിനെ ക്രൂരമായി മര്‍ദിക്കുകയും കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
തലയ്ക്കും ശരീരമാസകലവും മുറിവേറ്റ സിനുവിനെ വിവരമറിഞ്ഞെത്തിയ അയിരൂര്‍ പോലീസ് ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കുടുംബപരമായ പ്രശ്‌നങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തിവരികയാണ്.
