
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിന്നില്‍ കവര്‍ച്ചക്കാരെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാത്രി നടന്ന കൊലപാതകത്തില്‍ സാഖിബ് എന്ന യുവാവാണ് അറസ്റ്റിലായത്. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ കവര്‍ച്ചാ സംഘം ഭാര്യ നസ്റീനെ കൊലപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്നുവെന്നായിരുന്നു ഇയാള്‍ നാട്ടുകാരെയും പോലീസിനെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതി കുടുങ്ങുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയശേഷം മോഷണശ്രമത്തിനിടെ അജ്ഞാതന്റെ ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിന് അനുകൂലമായി കള്ളമൊഴി നല്‍കാന്‍ മക്കളെ ഉള്‍പ്പെടെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭാര്യയുടെ മൃതദേഹത്തിന് സമീപം പൊട്ടിക്കരയുന്ന സാഖിബിനെ കണ്ട് നാട്ടുകാരും ഇയാള്‍ പറഞ്ഞതെല്ലാം വിശ്വസിച്ചു. എന്നാല്‍, ഇയാളുടെ പരസ്പരവിരുദ്ധമായ മൊഴികളും സാഹചര്യത്തെളിവുകളും പോലീസിന് സംശയമുണ്ടാക്കി. തുടര്‍ന്ന് പോലീസ് വിശദമായ പരിശോധന നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ വിശദമായി ചോദ്യംചെയ്തു. ഇതോടെയാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.
സംഭവദിവസം രാത്രി വീട്ടില്‍ മോഷണം നടന്നുവെന്നും ഭാര്യ കൊല്ലപ്പെട്ടുവെന്നും നിലവിളിച്ചുകൊണ്ട് സാഖിബ് തന്നെയാണ് അയല്‍വാസികളെ വിവരമറിയിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നസ്റീനെയാണ് കണ്ടത്. പോലീസിനോട് മൊഴി നല്‍കുമ്പോഴും താന്‍ നിസ്സഹായനാണെന്നും കവര്‍ച്ചക്കാര്‍ തന്റെ സര്‍വ്വസ്വവും കവര്‍ന്നുവെന്നും ഇയാള്‍ ആവര്‍ത്തിച്ചു. എന്നാല്‍ വീടിനുള്ളില്‍ പുറത്തുനിന്നൊരാള്‍ അതിക്രമിച്ചു കയറിയതിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താന്‍ കഴിയാതിരുന്നത് പോലീസില്‍ സംശയമുണ്ടാക്കി.
തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സാഖിബിന്റെ മൊഴികളിലെ വൈരുദ്ധ്യം പുറത്തുവന്നു. പോലീസ് സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തനിക്ക് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും ഇത് ഭാര്യ നസ്റീന്‍ അറിഞ്ഞതോടെ കുടുംബത്തില്‍ നിരന്തരമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും പ്രതി വെളിപ്പെടുത്തി. കാമുകിയെ വിവാഹം കഴിക്കാന്‍ നസ്റീന്‍ തടസ്സമാകുമെന്ന് കണ്ടതോടെയാണ് അവളെ വകവരുത്താന്‍ സാഖിബ് പദ്ധതിയിട്ടത്.
വളരെ ആസൂത്രിതമായാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇതൊരു കവര്‍ച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വീടിനുള്ളിലെ അലമാരകള്‍ വാരിവലിച്ചിടുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പോലീസിന്റെ കണ്ണുവെട്ടിക്കാമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍. എന്നാല്‍ സാഹചര്യത്തെളിവുകളും സാങ്കേതിക തെളിവുകളും കൃത്യമായി വിശകലനം ചെയ്ത മീററ്റ് പോലീസ് അതിവേഗം പ്രതിയെ തിരിച്ചറിഞ്ഞു. നിലവില്‍ റിമാന്‍ഡിലുള്ള സാഖിബിന് കൊലപാതകത്തില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് യുവതിയെ വീട്ടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചോരയില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം. കറുത്തവസ്ത്രം ധരിച്ച ഒരാള്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറിയെന്നും മോഷണശ്രമത്തിനിടെ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നുമായിരുന്നു സാഖിബിന്റെ മൊഴി. സംഭവസമയം മൂന്ന് പെണ്‍മക്കളും വീട്ടിലുണ്ടായിരുന്നു. താന്‍ പറഞ്ഞ കഥ തന്നെ മറ്റുള്ളവരോടും പോലീസിനോടും പറയാന്‍ ഇവരെയും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, പ്രതിയുടെ കരച്ചിലും വിലാപവുമെല്ലാം വെറും നാടകമാണെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് തെളിയിക്കുകയായിരുന്നു.
പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച പേപ്പര്‍ കട്ടറും പോലീസ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഭാര്യ ഉറങ്ങുന്നതിനിടെയാണ് പ്രതി കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു. മൊബൈല്‍ ടവര്‍ നിര്‍മാണ ജോലികള്‍ക്ക് പോകുന്ന പ്രതി രാത്രി സമയം റിക്ഷാ ഡ്രൈവറായും ജോലിചെയ്തിരുന്നു. അതേസമയം, മാതാവ് കൊല്ലപ്പെടുകയും പിതാവ് ജയിലിലാവുകയും ചെയ്തതോടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കള്‍ തീര്‍ത്തും ഒറ്റപ്പെട്ടനിലയിലാണ്.
