
ആലപ്പുഴ: മാന്നാറില്‍ സൈക്കിളില്‍ നിന്ന് വീണുമരിച്ച അതിഥി തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം ജന്മനാടായ ബീഹാറില്‍ സംസ്‌കരിച്ചു. നിര്‍ധന കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി ആലപ്പുഴ എംപി കെ.സി. വേണുഗോപാല്‍ ഇടപെട്ടതോടെയാണ് മൃതദേഹം വിമാനമാര്‍ഗ്ഗം നാട്ടിലെത്തിക്കാന്‍ സാധിച്ചത്. ലഡു എന്ന അതിഥി തൊഴിലാളിയുടെ ഭാര്യ സൈറ ഹാത്തൂറാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹത്തോടൊപ്പം ലഡുവിനും മൂന്ന് മക്കള്‍ക്കും ബീഹാറിലേക്ക് പോകാനുള്ള വിമാന ടിക്കറ്റുകളും കെ.സി. വേണുഗോപാല്‍ നല്‍കി.
മാന്നാറിലെ ചെന്നിത്തലയില്‍ വാടകയ്ക്ക് താമസിച്ച് സ്വകാര്യ ജലവിതരണ ലോറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ലഡു. അപകടത്തിന് പിന്നാലെ കുട്ടികള്‍ക്ക് ഭക്ഷണം പോലും വാങ്ങാന്‍ പണമില്ലാതെ വലഞ്ഞ ലഡുവിനെ ജോലി ചെയ്തിരുന്ന കമ്പനി ഉടമയും കൈവിട്ടു. ഭാര്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന ആഗ്രഹം എങ്ങനെ നടപ്പിലാക്കുമെന്ന് അറിയാതെ വിഷമിച്ചിരുന്ന ലഡുവിന്റെ അവസ്ഥ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട കെ.സി. വേണുഗോപാല്‍ ആശുപത്രി സൂപ്രണ്ടുമായി ഫോണില്‍ സംസാരിക്കുകയും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കോട്ടയത്തേക്ക് കൊണ്ടുപോയ മൃതദേഹം സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ എംബാം ചെയ്ത് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചു. മെയ് ഒന്നിന് രാവിലെ 7 മണിക്ക് കൊച്ചിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഹൈദരാബാദ് വഴി പാറ്റ്നയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്.
ബീഹാറിലെ പാറ്റ്നയില്‍ മൃതദേഹം എത്തുമ്പോള്‍ അവിടെ നിന്ന് വീട്ടിലെത്തിക്കാനുള്ള ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ബീഹാര്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിക്ക് എംപി നിര്‍ദ്ദേശം നല്‍കിയിരുന്നു. എംപിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കൃത്യസമയത്തുള്ള ഇടപെടല്‍ മൂലം സൈറ ഹാത്തൂറിന്റെ മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ജന്മനാട്ടില്‍ സംസ്‌കരിക്കാന്‍ സാധിച്ചു. അതിഥി തൊഴിലാളി കുടുംബത്തിന് താങ്ങായി മാറിയ എംപിയുടെ നടപടിയെ വലിയ കൃതജ്ഞതയോടെയാണ് ലഡുവും കുടുംബവും സ്മരിക്കുന്നത്.
സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂനെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. ബുധനാഴ്ച രാത്രി 7.30നാണ് സൈറ ഹാത്തൂന്‍ കോയിക്കല്‍ ജങ്ഷന് പടിഞ്ഞാറുള്ള കോട്ടക്കുഴി കലുങ്ക് റോഡരികില്‍ സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റത് സൈറ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചു. ഭാര്യയുടെ മൃതദേഹവുമായി മക്കള്‍ക്കൊപ്പം മോര്‍ച്ചറിക്ക് മുന്നില്‍ കണ്ണീരോടെ നിന്ന ഭര്‍ത്താവ് ലഡു മിയാനെ മന്ത്രി സജി ചെറിയാന്‍ ആശ്വസിപ്പിച്ചു. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറാണ് ലഡു മിയാന്‍.
ആറു വര്‍ഷത്തോളമായി ഈ കുടുംബം വിവിധയിടങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയാണ്. മന്ത്രി സജി ചെറിയാനും സഹായം നല്‍കി. ഭര്‍ത്താവിനും കുട്ടികള്‍ക്ക് ആവശ്യമായ തുണികള്‍ വാങ്ങി നല്‍കുന്നതിന് ക്രമീകരണങ്ങള്‍ നടത്തി. 25,000 രൂപ ചെലവുകള്‍ക്കായി ലിഡു മിയാനെ ഏല്‍പ്പിച്ചു. തൊഴില്‍ വകുപ്പില്‍ നിന്ന് 50,000 രൂപ നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ വിളിച്ചുവരുത്തി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതുവരെ താമസിക്കുന്നതിനായി ഭര്‍ത്താവിനെയും കുട്ടികളെയും സമീപത്തുള്ള ഒരു ലോഡ്ജിലേക്ക് മാറ്റി.
ആലപ്പുഴയിലെ പിങ്ക് എന്ന സന്നദ്ധ സംഘടന കുഞ്ഞുങ്ങളുടെ സംരക്ഷണം താല്‍ക്കാലികമായി ഏറ്റെടുത്തു. ഇതിനിടെ കെ സി വേണുഗോപാല്‍ എംപി വിമാനത്തില്‍ മൃതദേഹം കൊണ്ടുപോകുന്നതിന് ക്രമീകരണം നടത്തുമെന്ന് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ നടത്തുന്നതിന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി സജി ചെറിയാനും പറഞ്ഞിരുന്നു.
