
ഷിനോ തോമസ്
കെന്റ് : യുകെ മലയാളികള്‍ ഇന്നേവരെ കേള്‍ക്കാത്ത വിധമുള്ള ഒരപകടം കെന്റില്‍ നിന്നും എത്തിയിരിക്കുന്നു . കെന്റിലെ ടെന്‍ബ്രിജ് വെല്‍സ് കെയര്‍ ഹോമില്‍ ജോലിക്ക് എത്തിയ മലയാളികളുടെ കാറിനു മുന്നിലേക്ക് മാന്‍ കൂട്ടം വട്ടം ചാടിയത് മൂലം ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് സാരമായ പരുക്കുകളോടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകായണ് . കാറില്‍ അഞ്ചു യാത്രകകര്‍ ഉണ്ടായിരുന്നെങ്കിലും മറ്റാരുടെയും പരുക്കുകള്‍ ചികിത്സ തേടേണ്ട വിധം ഗൗരവമുള്ളത് അല്ലെന്നും പറയപ്പെടുന്നു . ആശുപത്രിയില്‍ ഏജന്‍സി ജോലിക്ക് എത്തിയവരാണ് അപകടത്തില്‍ പെട്ടത് . പ്രദേശത്തെ മാന്‍ സാന്നിധ്യം ഇവിടെയുള്ള ആളുകള്‍ക്ക് നിത്യ പരിചയം ആണെങ്കിലും ഈ പ്രദേശത്തെ കുറിച്ച് ധാരണ ഇല്ലാത്തവരാണ് അപകടത്തില്‍ പെട്ടത് എന്നാണ് സൂചന . യുകെയില്‍ പലയിടത്തും യാത്ര ചെയുന്ന മലയാളികള്‍ മാനുകള്‍ റോഡിനു കുറുകെ ചാടിയേക്കാം എന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാണുന്നവര്‍ ആണെങ്കിലും അതത്ര കാര്യമാക്കാറില്ലാത്തതിന് ഒരു തിരുത്തല്‍ വേണമെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ അപകടം .
എറണാകുളം പെരുമ്പാവൂര്‍, കുറുംപ്പംപടി സ്വദേശികളാണ് അപകടത്തില്‍ പെട്ടത് . പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന യുവാവിനാണ് കൂടുതല്‍ പരുക്കേറ്റിരിക്കുന്നത് . യുവാക്കള്‍ യുകെയില്‍ സ്‌റുഡന്റ്‌റ് വിസയില്‍ എത്തിയവരാണ് എന്നും പറയപ്പെടുന്നു . പരുക്കേറ്റവരില്‍ രണ്ടു പേരെ റെന്‍ബ്രിജ്വെല്‍സ് ഹോസ്പിറ്റലിലും രണ്ടു പേരെ സമീപത്തെ മറ്റൊരു ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചാണ് ചികിത്സാ നല്‍കിയത് . കൈയ്ക്കും വാരിയെല്ലിനും ഒക്കെ പരുക്കേറ്റ നിലയിലാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത് . ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല . ദൂരെ നിന്നും ജോലിക്ക് എത്തിയവരാണ് അപകടത്തില്‍ പെട്ടത് എന്ന വിവരമാണ് കെന്റ് മലയാളികള്‍ക്കിടയില്‍ പങ്കുവയ്ക്കപ്പെടുന്നത് .
മാന്‍ വട്ടം ചാടിയാല്‍ വേഗത്തില്‍ എത്തുന്ന കാറിലെ യാത്രകകര്‍ക്ക് അതിഗുരുതര പരുക്കിനോ മരണം പോലും സംഭവിക്കാനോ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പ് കൂടുതല്‍ കരുതല്‍ വേണം എന്നോര്‍മ്മിപ്പിക്കുകയാണ് . സാധാരണ ഗ്രാമ പ്രദേശങ്ങളിലും വന സാന്നിധ്യം ഉള്ളിടത്തുമാണ് മാനുകള്‍ അടക്കമുള്ള ജീവികളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എങ്കിലുംകെന്റിലെ റെന്‍ബ്രിഡ്ജവെല്‍സ് മാനുകളുടെ അധിക എണ്ണത്തിന് പ്രസിദ്ധമാണ് . മാത്രമല്ല ഇവ റോഡുകളില്‍ സൈ്വര്യ വിഹാരം നടത്തുന്നതും പതിവാണ് . അടുത്തിടെ മറ്റൊരു മലയാളിയും മാന്‍ ഇടിച്ചുള്ള അപകടത്തില്‍ പെട്ടിരുന്നു . എന്നാല്‍ കാര്‍ തകര്‍ന്നെങ്കിലും ആ അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിരുന്നില്ല . പുത്തന്‍ ടൊയോട്ട റേവ് കാര്‍ പിന്നീട് ഇന്‍ഷുറന്‍സ് കമ്പനി എഴുതി തള്ളുക ആയിരുന്നു .
അതിനിടെ മനുഷ്യ നിര്‍മിതമായ അപകടമാണ് മാനുകള്‍ സൃഷ്ടിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട് . പ്രദേശത്തെ പുതിയ വീടുകളുടെ നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ മാനുകള്‍ സൈ്വര്യ വിഹാരം നടത്തിയിരുന്ന സ്ഥലങ്ങള്‍ അവയ്ക്ക് നഷ്ടമായെന്നും കുടിയിറക്കപ്പെട്ട മാനുകള്‍ ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളില്‍ വരെ യഥേഷ്ടം എത്തുന്നു എന്ന പരാതിയും വ്യാപകമാണ് . അടുത്തിടെയായി ഇവയുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും മാന്‍ വേട്ട നടത്തി ഇവയുടെ എണ്ണം കുറയ്ക്കണമെന്നുമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത് . മാനുകള്‍ റോഡില്‍ വട്ടം ചാടുന്നത് മൂലം പലപ്പോഴും അവ കൊല്ലപ്പെടുന്നതും കെന്റില്‍ നിന്നും ഇടയ്ക്കിടെ എത്തുന്ന വാര്‍ത്തയാണ് . ലംബാര്‍ഹേസ്‌റ് , ടെന്‍ ബ്രിജ് വെല്‍സ് എന്നിവിടങ്ങളില്‍ മാനുകള്‍ കൂട്ടമായി സഞ്ചരിക്കുന്നതും പതിവ് ദൃശ്യമാണ് . റംസ്ലി , ഫോളി വന്യ ജീവി സങ്കേതം എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവ കൂട്ടമായി പുറത്തിറങ്ങുന്നത് . എ 26, എ 264 റോഡുകളില്‍ മാന്‍ ഇടിച്ചു വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവ് കാര്യമായി മാറിയിട്ടുണ്ട് .
സൂര്യ വെളിച്ചം ശക്തമാകുന്നതിനു മുന്‍പും സൂര്യാസ്തമയ ശേഷവുമാണ് മാനുകള്‍ പലപ്പോഴും കൂട്ടമായി സഞ്ചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരിക്കുന്നത് . മാത്രമല്ല മെയ് , ജൂണ്‍ മാസങ്ങളില്‍ ഇവയ്ക്ക് ഇണചേരല്‍ കാലം ആയതുകൊണ്ട് ഇളം പ്രായത്തില്‍ ഉള്ള മാനുകള്‍ കൂടുതല്‍ സജീവമായി അവയുടെ സ്വാഭാവിക വാസ സ്ഥലം വിട്ട് പുറത്തിറങ്ങാറുമുണ്ട് . അതിനാല്‍ ഈ മാസങ്ങളില്‍ അവ റോഡുകളില്‍ പോലും പരിസരം മറന്നു എത്താനുള്ള സാധ്യത കൂടുതലാണ് എന്നും ഇവയുടെ ജീവിത രീതിയെ കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നു . മാത്രമല്ല ഇണചേരല്‍ കാലത്തില്‍ ഇണയെ ആകര്‍ഷിക്കാന്‍ ശാരീരിക ഊര്‍ജസ്വലത കാട്ടിയുള്ള ഓട്ടവും ചാട്ടവും നടത്തുന്നതും മാനുകള്‍ക്കിടയില്‍ അവയുടെ പതിവ് രീതിയാണ് എന്നും പറയപ്പെടുന്നു .
