
മുംബൈ: പരിക്കേറ്റ മിച്ചൽ സാന്റ്നർക്ക് പകരം ദക്ഷിണാഫ്രിക്കൻ ഇടങ്കയ്യൻ സ്പിന്നർ കേശവ് മഹാരാജിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. ഐപിഎൽ 2026 സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ താരം മുംബൈക്കായി പന്തെറിയും. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിനിടെ തോളിനേറ്റ പരിക്കാണ് ന്യൂസീലൻഡ് ഓൾറൗണ്ടറായ സാന്റ്നർക്ക് വില്ലനായത്.
ഏപ്രിൽ 23-ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാച്ചിന് ശ്രമിക്കുന്നതിനിടെയാണ് സാന്റ്നറുടെ തോളിന് പരിക്കേറ്റത്. തുടർന്ന് ഫീൽഡ് വിടേണ്ടി വന്ന അദ്ദേഹത്തിന് പകരം ഷാർദുൽ താക്കൂറാണ് ആ മത്സരത്തിൽ കളത്തിലിറങ്ങിയത്. പരിക്കേറ്റ ഭാഗത്ത് വലിയ ബാൻഡേജുമായി ഗാലറിയിലിരിക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പരിശോധനകൾക്ക് ശേഷമാണ് സാന്റ്നർക്ക് ഈ സീസൺ പൂർണ്ണമായും നഷ്ടമാകുമെന്ന് ഉറപ്പായത്.
36-കാരനായ കേശവ് മഹാരാജിന് ഐപിഎല്ലിൽ 2024 സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച രണ്ട് മത്സരങ്ങളുടെ പരിചയം മാത്രമേയുള്ളൂ. എങ്കിലും അന്താരാഷ്ട്ര ടി20യിലും വിവിധ ലീഗുകളിലുമായി 218 മത്സരങ്ങൾ കളിച്ച വലിയ അനുഭവസമ്പത്ത് താരത്തിനുണ്ട്. സൗത്ത് ആഫ്രിക്കൻ ടി20 ലീഗായ SA20-ൽ പ്രിട്ടോറിയ ക്യാപിറ്റൽസിന്റെ താരമായിരുന്നു മഹാരാജ്. ടി20യിൽ ആകെ 191 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ് (7.12) ശ്രദ്ധേയമാണ്.
നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. കളിച്ച ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. സ്പിൻ നിരയെ ശക്തിപ്പെടുത്താൻ മഹാരാജിന്റെ വരവ് സഹായിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏപ്രിൽ 29-ന് സ്വന്തം തട്ടകത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ അടുത്ത പോരാട്ടം.
