
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടയില്‍ തര്‍ക്കമായി തുടരുന്നതിനിടെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്). മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അടുത്ത കേരള മുഖ്യമന്ത്രിയാകണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി അസ്ലം മഷ്ഹൂര്‍ ആണ് ആവശ്യപ്പെട്ടത്.
ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന എസ്.എം.എഫ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനമായിരുന്നു ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിന് വേദിയായത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടേയും സാന്നിദ്ധ്യത്തിലായിരുന്നു അസ്ലം മഷ്ഹൂര്‍ ഇക്കാര്യം ഉന്നയിച്ചത്. മെയ് നാലാം തീയതി വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുന്ന കാലമാണ് വരുന്നതെന്നായിരുന്നു പ്രസ്താവന. ഉത്തരവാദിത്തപ്പെട്ട ഒരു മതസംഘടനയുടെ ഭാരവാഹി ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടും വേദിയിലുണ്ടായിരുന്ന രാഷ്ട്രീയ നേതാക്കള്‍ അത് തിരുത്താന്‍ തയ്യാറായില്ല എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.
സാധാരണഗതിയില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി പദം കോണ്‍ഗ്രസിനാണെന്നത് മുന്നണിക്കുള്ളിലെ എഴുതപ്പെടാത്ത നിയമമാണ്. വി.ഡി. സതീശന്‍, കെ. സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഈ പദവിക്കായി കോണ്‍ഗ്രസിനുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് അപ്രതീക്ഷിതമായി മുസ്ലിം ലീഗ് നേതാവിന്റെ പേര് ഒരു മതസംഘടനയുടെ വേദിയില്‍ നിന്ന് ഉയരുന്നത്. ഇത് സോഷ്യല്‍ മീഡിയയിലടക്കം വലിയ ട്രോളുകള്‍ക്കും വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്. ഒരു മതസംഘടനയുടെ സമ്മേളനം രാഷ്ട്രീയ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗമായി മാറിയോ എന്നാണ് പരിഹാസമുയരുന്നത്. മഹല്ലുകളുടെ ശാക്തീകരണവും ആത്മീയ കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ട വേദി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ജനാധിപത്യപരമായ പക്വതയില്ലായ്മയാണെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നു.
എന്നാല്‍ ഈ വിവാദങ്ങള്‍ക്കിടയിലും പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ പതിവ് രാഷ്ട്രീയ തന്ത്രജ്ഞത കൈവിട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് തീരുമാനിക്കേണ്ട കാര്യമാണെന്നും മുസ്ലിം ലീഗ് അതില്‍ അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള ഒരു പദവി തര്‍ക്കത്തിനും താനില്ലെന്ന നിലപാടിലാണ് അദ്ദേഹം. മുന്‍കാലങ്ങളില്‍ ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ പോലും സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന കാരണത്താല്‍ ലീഗ് അതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി. സതീശന്റെ പ്രവര്‍ത്തനങ്ങളെ ലീഗ് വിലമതിക്കുന്നുണ്ടെങ്കിലും, കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരുകളും സൈബര്‍ യുദ്ധങ്ങളും ലീഗ് നേതൃത്വത്തിന് അതൃപ്തി ഉണ്ടാക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ തീരുമാനിക്കട്ടെ എന്ന ഔദ്യോഗിക നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുമ്പോഴും, അണികള്‍ക്കിടയിലും മതസംഘടനകള്‍ക്കിടയിലും കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരു നേതാവിനെ ഭരണത്തിന്റെ അമരത്ത് കാണാനുള്ള ആഗ്രഹം ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസിനുള്ളില്‍ വി.ഡി. സതീശനും കെ. സുധാകരനും അനുകൂലികളായ സൈബര്‍ ഗ്രൂപ്പുകള്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ലീഗിന് ശക്തമായ അതൃപ്തിയുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ലീഗ് വിലയിരുത്തുമ്പോഴും, ഒരു വ്യക്തിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം നോക്കി ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്നതാണ് ലീഗിന്റെ ലൈന്‍.
