
തിരുവനന്തപുരം: പുറത്തുവന്ന വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ എല്‍ഡിഎഫിന് അനുകൂലമെന്നും ഇടതുപക്ഷത്തിന് നല്ല വിജയസാധ്യതയാണ് സര്‍വേഫലത്തിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍വേഫലം അനുസരിച്ച് അഞ്ചോ എട്ടോ സീറ്റുകളില്‍ മാറിയാല്‍ ഇടത് മുന്നണി വീണ്ടും അധികാരത്തില്‍ വരും. സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ലെന്ന് സര്‍വെയില്‍ തെളിഞ്ഞു. കേരളത്തെ കുറിച്ച് ഉത്കണ്ഠയില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യന്‍ പിണറായി തന്നെ എന്നും സര്‍വെ വ്യക്തമാക്കുന്നു. എല്‍ഡിഎഫിന് നല്ല സാധ്യത ഉറപ്പിക്കുന്ന സര്‍വെ ഫലമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഒരു ആശങ്കയും ഇല്ല, ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. 14 സീറ്റ് വരെ ബിജെപിക്ക് പ്രവചിക്കുന്ന സര്‍വെകളുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് വിവര ശേഖരണമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ഇടതുമുന്നണി അധികാരത്തില്‍ വരുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സര്‍വെ ഫലമാണ് വന്നിരിക്കുന്നത്. പുറത്ത് വന്ന സര്‍വെ അനുകൂലമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സീറ്റുകളുടെ എണ്ണത്തില്‍ ചില പത്രങ്ങള്‍ നല്‍കുന്ന കണക്കുകളില്‍ ആത്മനിഷ്ഠമായ ഘടകങ്ങള്‍ ഉണ്ടാകാമെങ്കിലും, സര്‍വേകളുടെ അന്തര്‍ലീനമായ സന്ദേശം എല്‍ഡിഎഫിന് അനുകൂലമാണെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു. സര്‍വേകളില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ഗവണ്‍മെന്റിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് എല്ലാവരും സമ്മതിച്ചിട്ടുണ്ട് എന്നതാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ പൊതുവേ അംഗീകരിക്കപ്പെടുകയും ജനപ്രിയതയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്യുന്നു. എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ പിണറായി വിജയനെ ജനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സീറ്റ് നിലയെ സംബന്ധിച്ചും പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. 69 അല്ലെങ്കില്‍ 70 സീറ്റുകള്‍ വരെ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് നേരിട്ട് പറയാന്‍ മടിക്കുന്നവര്‍ രഹസ്യമായി നല്‍കുന്ന സൂചനയാണ്. വെറും അഞ്ചോ എട്ടോ സീറ്റുകളുടെ വ്യത്യാസം വന്നാല്‍ പോലും കേരളത്തില്‍ ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും നിലവിലെ പല അവകാശവാദങ്ങളും വോട്ടെണ്ണല്‍ കഴിയുന്നതോടെ അപ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടുകളേക്കാള്‍ ഉപരിയായി തങ്ങള്‍ക്ക് വിശ്വാസം ജനങ്ങളിലാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വിധി എഴുതിക്കഴിഞ്ഞു എന്നും മെയ് നാലാം തീയതി വോട്ടെണ്ണുമ്പോള്‍ ഈ വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന് യാതൊരുതരത്തിലുള്ള പ്രയാസവും അനുഭവിക്കേണ്ട കാര്യമില്ല. ഞങ്ങള്‍ ഉറപ്പായും ജയിക്കാന്‍ പോകുന്നു. ജനങ്ങളിലാണ് വിശ്വാസം. ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഭരണ വിരുദ്ധ വികാരമില്ലെന്ന് എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരു റിപ്പോര്‍ട്ടിനെയും വിശ്വസിക്കുന്നില്ല. ജനങ്ങളെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. നൂറു സീറ്റ് ലഭിക്കുമെന്നായിരുന്നു യുഡിഎഫ് പറഞ്ഞിരുന്നത്. അത് നടക്കില്ലെന്ന് സര്‍വേയിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
