
മുംബൈ: ഐപിഎല്ലില്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നതിനിടെ, തന്റെ പ്രതിഭ തെളിയിക്കാന്‍ പുതിയ പോര്‍ക്കളം കണ്ടെത്തി യുവ ഓള്‍റൗണ്ടര്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈ ഇന്ത്യന്‍സ് വിട്ട് ലക്‌നൗ സൂപ്പര്‍ ജയന്റ്സിലേക്ക് മാറിയിട്ടും പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ മുംബൈ ടി20 ലീഗില്‍ കളിക്കാന്‍ തീരുമാനിച്ചത്. മുംബൈ ലീഗിലെ എആര്‍സിഎസ് അന്ധേരി ടീമാണ് വന്‍ തുകയ്ക്ക് അര്‍ജുനെ സ്വന്തമാക്കിയത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രം കളിച്ച അര്‍ജുന്‍, കൂടുതല്‍ അവസരങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ സീസണില്‍ ലക്‌നൗ ടീമിലെത്തിയത്. 30 ലക്ഷം രൂപ പ്രതിഫലത്തിന് ലക്‌നൗവിലെത്തിയെങ്കിലും മുഹമ്മദ് ഷമി, മൊഹ്സിന്‍ ഖാന്‍ തുടങ്ങിയ പ്രമുഖ പേസര്‍മാര്‍ അണിനിരക്കുന്ന ടീമില്‍ ഇതുവരെ അര്‍ജുന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരപരിചയം നേടാന്‍ താരം മുംബൈ ലീഗിലേക്ക് മടങ്ങുന്നത്.
മുംബൈ ലീഗിന്റെ ലേലത്തില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെട്ടത്. രണ്ട് ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ പത്ത് ലക്ഷം രൂപയ്ക്കാണ് എആര്‍സിഎസ് അന്ധേരി വിളിച്ചെടുത്തത്. അടിസ്ഥാന വിലയുടെ 400 ശതമാനം അധികം നല്‍കി അര്‍ജുനെ സ്വന്തമാക്കിയത് ടീമിന് താരത്തിലുള്ള വലിയ വിശ്വാസമാണ് പ്രകടമാക്കുന്നത്. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്ക് വേണ്ടിയാണ് അര്‍ജുന്‍ കളിക്കുന്നത്. ബിസിസിഐ നിയമപ്രകാരം ഐപിഎല്ലിന് പുറമെ മറ്റൊരു സംസ്ഥാന ലീഗില്‍ മാത്രമേ കളിക്കാന്‍ അനുമതിയുള്ളൂ. കഴിഞ്ഞ 12 മാസത്തിനിടെ മറ്റ് ലീഗുകളില്‍ കളിക്കാത്തതിനാല്‍ അര്‍ജുന് മുംബൈ ലീഗില്‍ ഇറങ്ങാന്‍ ബിസിസിഐ പ്രത്യേക അനുമതി നല്‍കുകയായിരുന്നു.
ഐപിഎല്ലില്‍ ഒരു ബോളറായി മാത്രമാണ് അര്‍ജുന്‍ പരിഗണിക്കപ്പെടുന്നതെങ്കിലും, ഗോവയ്ക്ക് വേണ്ടി കളിച്ച മത്സരങ്ങളില്‍ മികച്ച ബാറ്റിംഗ് പ്രകടനം കൂടി താരം കാഴ്ചവെച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ മത്സരങ്ങളിലും ഓള്‍റൗണ്ട് മികവ് പുലര്‍ത്തുന്ന അര്‍ജുന്‍, ലക്‌നൗ ക്യാമ്പിലെ പരിശീലനത്തിലൂടെ തന്റെ വേഗതയും കൃത്യതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലിലെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ലഭിക്കാത്ത അവസരങ്ങള്‍ മുംബൈ ലീഗിലൂടെ നികത്താനാണ് താരം ലക്ഷ്യമിടുന്നത്. ലക്‌നൗ സൂപ്പര്‍ ജയന്റ്സ് പരിശീലകരുമായി നടത്തിയ പരിശീലനം മുംബൈ ലീഗിലെ പ്രകടനത്തിന് കരുത്തേകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കരിയറിലെ നിര്‍ണ്ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന അര്‍ജുന് ഈ ലീഗിലെ മികച്ച പ്രകടനം ലക്‌നൗ ടീമിലെ പ്ലേയിങ് ഇലവനിലേക്കുള്ള വാതില്‍ തുറക്കാന്‍ സഹായിച്ചേക്കാം.
