
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ മൂന്ന് വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു. 65 വയസ്സുകാരനായ ഭീംറാവു കാംബ്ലെ എന്ന വൃദ്ധന്‍ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നതോടെ വലിയ ജനരോഷമാണ് പുനെയില്‍ ആഞ്ഞടിക്കുന്നത്. ശനിയാഴ്ച കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും തെരുവിലിറങ്ങിയതോടെ പുനെ നഗരം പ്രതിഷേധക്കടലായി മാറി.
നവാല ബ്രിഡ്ജ് പരിസരത്ത് ദേശീയപാത ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ മൃതദേഹം റോഡില്‍ വെച്ചുകൊണ്ട് നൂറുകണക്കിനാളുകള്‍ നീതിക്കായി മുറവിളി കൂട്ടി. ഇതേത്തുടര്‍ന്ന് മുംബൈ-ബെംഗളൂരു ദേശീയപാതയില്‍ നാല് മണിക്കൂറോളം ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് പാതയില്‍ രൂപപ്പെട്ടത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും കേസ് അതിവേഗ കോടതിയില്‍ പരിഗണിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കിന്റെയും ജനക്കൂട്ടത്തിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കേസിലെ പ്രതിയായ ഭീംറാവു കാംബ്ലെ ഒരു സ്ഥിരം കുറ്റവാളിയാണെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് പോലീസിനെതിരെയുള്ള ജനരോഷം വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. 1998-ലും 2015-ലും ഇയാള്‍ക്കെതിരെ സമാനമായ ലൈംഗിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2015-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിരുന്നെങ്കിലും 2019-ല്‍ തെളിവുകളുടെ അഭാവത്തില്‍ ഇയാള്‍ കുറ്റവിമുക്തനായി. ഇത്രയും അപകടകാരിയായ ഒരാള്‍ സമൂഹത്തില്‍ സ്വതന്ത്രനായി നടന്നതാണ് ഇപ്പോള്‍ ഒരു പിഞ്ചു ജീവന്‍ കൂടി നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വെള്ളിയാഴ്ചയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഭയാനകമായ ഈ കുറ്റകൃത്യം പുണെയിലെ ക്രമസമാധാന നിലയെക്കുറിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ചും ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ശക്തമായ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട റോഡ് ഉപരോധം അവസാനിച്ചത്.
വേനല്‍ അവധിക്ക് അമ്മ വീട്ടില്‍ പോയതായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് തൊഴുത്തില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പുനെയിലെ മറ്റ് സ്ഥലങ്ങളിലും വ്യാപകപ്രതിഷേധം നടന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഗ്രാമവാസികള്‍ ചൗക്കിയിലും ഹൈവേയിലും തടിച്ചുകൂടി. തുടര്‍ന്ന് കേസില്‍ നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.
