BoolokamBoolokam

മെഡിക്കൽ കോളേജിന് വീഴ്ച; യുവാവിന്റെ സ്കാനിങ് റിപ്പോർട്ടിൽ 'ഗർഭപാത്രം'; വിശദീകരണം നൽകാതെ ജീവനക്കാർ, ആക്ഷേപിച്ചുവെന്നും 24കാരൻ; പുതിയ റിപ്പോർട്ട് നൽകി ഒതുക്കിതീർക്കാൻ ശ്രമമെന്ന് പരാതി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്കാനിങ് റിപ്പോർട്ടിൽ ഗുരുതര പിഴവ്. ചികിത്സ തേടിയെത്തിയ 24 വയസ്സുകാരന് ഗർഭപാത്രമുണ്ടെന്ന വിചിത്രമായ റിപ്പോർട്ടാണ് അധികൃതർ നൽകിയതെന്നാണ് പരാതി. കഴക്കൂട്ടം സ്വദേശിയായ ഷിഹാസിനാണ് അധികൃതരുടെ അനാസ്ഥ മൂലം ദുരനുഭവം നേരിടേണ്ടി വന്നത്. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച റിപ്പോർട്ടിലെ അപാകത യുവാവ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വയറുവേദനയെത്തുടർന്ന് ഷിഹാസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. 2500 രൂപ നൽകി സിടി സ്കാൻ എടുക്കുകയും ചെയ്തു. വേദന കുറഞ്ഞതോടെ പിന്നീട് തുടർചികിത്സയ്ക്ക് പോയില്ല. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും വേദന അനുഭവപ്പെട്ടതോടെ മറ്റൊരു ആശുപത്രിയിൽ സ്കാനിങ് റിപ്പോർട്ടുമായി എത്തിയപ്പോഴാണ് ഗർഭപാത്രത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്ന കാര്യം ബോധ്യമാകുന്നത്.

റിപ്പോർട്ടിലെ പിഴവ് ചോദ്യം ചെയ്ത് മെഡിക്കൽ കോളേജിലെത്തിയ യുവാവിനോട് അധികൃതർ മോശമായി പെരുമാറിയെന്ന് പരാതിയുണ്ട്. കൃത്യമായ വിശദീകരണം നൽകാൻ തയ്യാറാകാതിരുന്ന ജീവനക്കാർ ആക്ഷേപിക്കാൻ ശ്രമിച്ചതായും യുവാവ് പറയുന്നു. സ്കാനിങ് നടത്താതെ തന്നെ പുതിയ റിപ്പോർട്ട് നൽകി സംഭവം ഒതുക്കിത്തീർക്കാൻ അധികൃതർ ശ്രമിച്ചതായും ആക്ഷേപമുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് യുവാവ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!