BoolokamBoolokam

മോന്‍സ് ജോസഫിനേയും അപു ജോസഫിനേയും മന്ത്രിമാരാക്കണം; രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം; മുഖ്യമന്ത്രി തര്‍ക്കം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം; ഘടകകക്ഷികള്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ ഒരുങ്ങി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. വരാനിരിക്കുന്ന ഭരണമാറ്റത്തില്‍ ചുരുങ്ങിയത് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെടാനാണ് പാര്‍ട്ടിയിലെ പ്രാഥമിക ധാരണ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍ വരെ നേടുമെന്ന ശുഭപ്രതീക്ഷയിലാണ് പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഈ നീക്കങ്ങള്‍ നടത്തുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളില്‍ മത്സരിച്ച് രണ്ട് സീറ്റുകളില്‍ മാത്രം ഒതുങ്ങേണ്ടി വന്ന ജോസഫ് വിഭാഗത്തിന് ഇത്തവണത്തെ പോരാട്ടം ജീവന്മരണ പോരാട്ടമാണ്. കോണ്‍ഗ്രസിനായി രണ്ട് സീറ്റുകള്‍ വിട്ടുനല്‍കി എട്ട് മണ്ഡലങ്ങളിലാണ് ഇക്കുറി പാര്‍ട്ടി ജനവിധി തേടിയത്. ഇതില്‍ കടുത്തുരുത്തി, തൊടുപുഴ, ഇരിങ്ങാലക്കുട, കുട്ടനാട്, തിരുവല്ല, കോതമംഗലം എന്നീ ആറ് മണ്ഡലങ്ങളില്‍ തികഞ്ഞ വിജയപ്രതീക്ഷയാണ് നേതൃത്വം പുലര്‍ത്തുന്നത്. ചങ്ങനാശ്ശേരിയില്‍ കടുത്ത മത്സരം നടന്നേക്കാമെന്നും കാഞ്ഞങ്ങാട് വിജയസാധ്യത കുറവാണെന്നുമാണ് പാര്‍ട്ടിയുടെ തന്നെ ആഭ്യന്തര വിലയിരുത്തല്‍.

രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുകയാണെങ്കില്‍ പാര്‍ട്ടിയിലെ രണ്ടാമനായ മോന്‍സ് ജോസഫിനൊപ്പം പി.ജെ. ജോസഫിന്റെ മകനും രാഷ്ട്രീയ പിന്‍ഗാമിയുമായ അപു ജോണ്‍ ജോസഫിനെയാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍, ഇരിങ്ങാലക്കുടയിലെ സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ തോമസ് ഉണ്ണിയാടനെ തഴയുന്നതിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം രംഗത്തുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്നാണ് ഇവരുടെ വാദം.

മുന്നണി മര്യാദകളും മുന്‍കാല കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടിയാണ് ജോസഫ് വിഭാഗം വിലപേശലിന് ഒരുങ്ങുന്നത്. കഴിഞ്ഞ തവണ അഞ്ച് സീറ്റുകള്‍ നേടിയ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് എല്‍.ഡി.എഫ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കിയിരുന്നു. ഇതിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്ന് കരുതുന്ന തങ്ങള്‍ക്ക് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാന്‍ എല്ലാ അര്‍ഹതയുമുണ്ടെന്ന് യു.ഡി.എഫ്. നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം. അധികാരം ലഭിച്ചാല്‍ മുന്നണിക്കുള്ളില്‍ ശക്തമായ സാന്നിധ്യമായി മാറാനുള്ള ജോസഫ് വിഭാഗത്തിന്റെ ഈ തന്ത്രങ്ങള്‍ വരുംദിവസങ്ങളില്‍ യു.ഡി.എഫ്. ചര്‍ച്ചകളില്‍ പ്രധാനമാകും.

അതേ സമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ പക്ഷം പിടിക്കാന്‍ ഇല്ലെന്ന് സൂചന നല്‍കി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമെന്നും ഘടകകക്ഷികള്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കേരള കോണ്‍ഗ്രസ് നേതാവും കോട്ടയം എംപിയുമായ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന കാര്യത്തിലെ തീരുമാനം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഘടക കക്ഷികള്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടി വരുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. മുസ്ലിം ലീഗ് വി ഡി സതീശനൊപ്പമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി തര്‍ക്കത്തില്‍ പക്ഷം പിടിക്കാനില്ലെന്ന സൂചന നല്‍കിയുള്ള ജോസഫ് ഗ്രൂപ്പ് നേതാവിന്റെ പ്രതികരണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!