
കോഴിക്കോട്: സൈബര്‍ ഫോറന്‍സിക് വിദഗ്ധന്റെ വീട്ടിലുള്‍പ്പെടെ നടന്ന വന്‍ കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പുണ്ടാക്കി കുപ്രസിദ്ധ മോഷ്ടാവ് ഷിമോഗ കൊപ്പ സ്വദേശി ഡോളര്‍ അനി എന്ന അനില്‍കുമാര്‍ (38) പോലീസ് പിടിയിലാകുമ്പോള്‍ തെളിയുന്നതും കേരളാ പോലീസിന്റെ ഓപ്പറേഷന്‍ മികവ്. അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതിയായ ഇയാളെയും, മോഷണമുതല്‍ വില്‍ക്കാന്‍ സഹായിച്ച അമ്പായത്തോട് സ്വദേശി ജയിംസിനെയും (58) ആണ് കോഴിക്കോട് സിറ്റി പോലീസ് സാഹസികമായി പിടികൂടിയത്. തമിഴ്‌നാട്ടിലെ തേനി ടൗണില്‍ വെച്ചായിരുന്നു നാടകീയമായ കസ്റ്റഡി.
കര്‍ണാടകയിലെ ഷിമോഗ കൊപ്പ സ്വദേശിയായ അനില്‍കുമാര്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള കുപ്രസിദ്ധ മോഷ്ടാവാണ്. മോഷണത്തിലൂടെ ലഭിക്കുന്ന വന്‍തുക ലഹരി ഉപയോഗത്തിനും ചൂതാട്ടത്തിനുമായാണ് ഇയാള്‍ ചിലവഴിക്കുന്നത്. മറ്റ് ക്രിമിനലുകള്‍ക്ക് യഥേഷ്ടം മദ്യവും ലഹരിയും വാങ്ങിനല്‍കി ആഡംബര ജീവിതം നയിക്കുന്നതിനാലാണ് ഇയാള്‍ക്ക് ക്രിമിനല്‍ ലോകത്ത് 'ഡോളര്‍ അനി' എന്ന പേര് വീണത്. കര്‍ണാടകയിലും തമിഴ്നാട്ടിലും കേരളത്തിലുമായി അന്‍പതിലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
കഴിഞ്ഞ മാസം 24-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ വിനോദ് ഭട്ടത്തിരിപ്പാടിന്റെ അഴകൊടി ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്നാണ് 20 പവനോളം സ്വര്‍ണ്ണം കവര്‍ന്നത്. വീട്ടുകാര്‍ യാത്ര പോയ സമയം നോക്കി മുന്‍വാതില്‍ തകര്‍ത്തായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച പോലീസ് സംഘം പ്രതി അനിലാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരനായതിനാല്‍ ഇയാളെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു.
ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിപി പദംസിംഗ്, ടൗണ്‍ എസിപി പ്രമോദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പാണ് അന്വേഷണം ഏറ്റെടുത്തത്. കര്‍ണാടകയിലും തമിഴ്നാട്ടിലും നടത്തിയ മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പ്രതി തേനിയിലുണ്ടെന്ന രഹസ്യവിവര ലഭിച്ചു. കമ്പത്തെ ഒരു കോളനിയില്‍ പോലീസ് എത്തുമ്പോഴേക്കും തമിഴ്നാട് പോലീസിന്റെ മറ്റൊരു കേസില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതി തേനി ടൗണിലേക്ക് മാറിയിരുന്നു. അവിടെ വെച്ച് മറ്റൊരാളുമായി കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പോലീസ് സംഘം ഇയാളെ സാഹസികമായി കീഴടക്കിയത്.
മോഷണമുതല്‍ വില്‍ക്കാന്‍ സഹായിച്ച ജയിംസ് നിസ്സാരക്കാരനല്ല. മുപ്പതിലധികം ഭവനഭേദന കേസുകളില്‍ പ്രതിയായ ഇയാള്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അനിലിനെ ചോദ്യം ചെയ്തപ്പോഴാണ് ജയിംസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. മോഷണം നടത്തിയാല്‍ ഉടന്‍ സ്വര്‍ണ്ണം ജയിംസിന് കൈമാറുകയും അത് പണമാക്കി മാറ്റി ലഹരിപ്പാര്‍ട്ടികള്‍ നടത്തുകയുമായിരുന്നു അനിലിന്റെ പതിവ്.
അനിലിന്റെ അറസ്റ്റോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിധിയിലെ കുറ്റിക്കാട്ടൂര്‍, മാത്തോട്ടുതാഴം, വയനാട് കല്‍പ്പറ്റ എന്നിവിടങ്ങളിലെ എട്ടോളം കവര്‍ച്ചാ കേസുകള്‍ക്കാണ് തുമ്പുണ്ടായിരിക്കുന്നത്. സ്വര്‍ണ്ണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
പഴുതടച്ച അന്വേഷണത്തിലൂടെ കുപ്രസിദ്ധ കുറ്റവാളിയെ വലയിലാക്കിയ ഡിസിപി പദംസിംഗിനും സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിനും അഭിനന്ദനപ്രവാഹമാണ്. നടക്കാവ് സിഐ ഷൈന്‍, എസ്‌ഐ ലിനേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത്. ഫോണ്‍ രേഖകളും സൈബര്‍ തെളിവുകളും വിശകലനം ചെയ്യുന്നതില്‍ വിനോദ് ഭട്ടത്തിരിപ്പാടിന്റെ വീട്ടിലെ മോഷണക്കേസില്‍ പോലീസ് കാണിച്ച മികവ് ശ്രദ്ധേയമാണ്.
