BoolokamBoolokam

യുവരാജ് ജോലിക്കെത്തിയത് കരാർ അടിസ്ഥാനത്തിൽ; ചെന്നപാടെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിൽ തന്നെ പണിയും കിട്ടി; ഇടയ്ക്ക് സമയം പോകാൻ വേണ്ടി യുവാവ് കാട്ടിക്കൂട്ടിയത്; എല്ലാം കൈയ്യോടെ ഒപ്പിയെടുത്ത് ക്യാമറ കണ്ണുകൾ; ഇത് അതീവ സുരക്ഷ മേഖലയിലെ വലിയ പിഴവ്

ചെന്നൈ: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന അതീവ സുരക്ഷാ മേഖലയിലിരുന്ന് നടൻ വിജയ്‍യുടെ റിലീസാകാത്ത ചിത്രം കണ്ട ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിലെ ഇവിഎം സ്ട്രോങ്ങ് റൂമിൽ സിസിടിവി കൺട്രോൾ റൂം ചുമതലയുണ്ടായിരുന്ന ടെക്നിക്കൽ ഹെഡ് യുവരാജ് (36) ആണ് പിടിയിലായത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഉദ്യോഗസ്ഥനാണ് ഇയാൾ. കൺട്രോൾ റൂമിലെ സിസിടിവി ദൃശ്യങ്ങൾ തെളിയുന്ന ബിഗ് സ്ക്രീനുകൾക്ക് മുന്നിലിരുന്ന് ലാപ്ടോപ്പിൽ സിനിമ കാണുകയും, ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തതാണ് ഇയാൾക്ക് തിരിച്ചടിയായത്. 'ജനനായകൻ' എന്ന സിനിമ കാണുന്ന ചിത്രം ഫേസ്ബുക്കിൽ പ്രചരിച്ചതോടെ വലിയ സുരക്ഷാ വിവാദമാണ് ഉയർന്നത്.

സെൻസർ ബോർഡുമായുള്ള തർക്കം നിലനിൽക്കുന്നതിനാൽ വിജയ്‍യുടെ 'ജനനായകൻ' ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല. റിലീസാകാത്ത ഒരു സിനിമയുടെ വ്യാജപതിപ്പ് സ്ട്രോങ്ങ് റൂമിനുള്ളിലിരുന്ന് കണ്ടത് സുരക്ഷാ വീഴ്ചയ്ക്കൊപ്പം തന്നെ പകർപ്പവകാശ ലംഘനവുമായാണ് പോലീസ് കാണുന്നത്. ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടുർപുരം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വോട്ടിംഗ് യന്ത്രങ്ങൾ മാറ്റുന്നതിന് തൊട്ടുമുമ്പാണ് യുവരാജ് സിനിമ കണ്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഐടി നിയമപ്രകാരവും തെരഞ്ഞെടുപ്പ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

റിലീസാകാത്ത സിനിമയുടെ വ്യാജപതിപ്പ് യുവരാജിന് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സിനിമ ചോർന്നതുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. അതീവ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ട സ്ട്രോങ്ങ് റൂമിൽ ഇത്തരത്തിൽ ഉദ്യോഗസ്ഥർ പെരുമാറിയതിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അതീവ ഗൗരവമായാണ് കാണുന്നത്. വോട്ടെണ്ണൽ നടക്കാനിരിക്കെ ഉണ്ടായ ഈ വീഴ്ച രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!