
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിനെതിരെ നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും എസ്.ഐ.ടി അറിയിച്ചു. ബംഗാളി നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലുകളുടെ ഭാഗമായാണ് രഞ്ജിത്തിനെതിരെ പരാതി ഉയര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു നടിയുടെ ആരോപണം. ഈ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ സംഘം, നടിയുടെ മൊഴിയില്‍ വിശ്വാസ്യതയുണ്ടെന്നും സാഹചര്യത്തെളിവുകള്‍ രഞ്ജിത്തിന് വിരുദ്ധമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി രഞ്ജിത്തിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിക്കുകയാണ് ഉണ്ടായത്. എങ്കിലും നടിയുടെ മൊഴിയും അന്നത്തെ സാഹചര്യങ്ങളും പരിശോധിച്ച സംഘം രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചതായാണ് വിവരം. ഇതോടെ ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായ രഞ്ജിത്തിന് നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് വ്യക്തമായി.
അതേസമയം, സമാനമായ കേസുകളില്‍ ഉള്‍പ്പെട്ട മറ്റ് ചിലര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വാര്‍ത്തകള്‍ക്കിടയിലാണ് രഞ്ജിത്തിനെതിരെയുള്ള അന്വേഷണ സംഘത്തിന്റെ ഈ ഉറച്ച നിലപാട്. വരും ദിവസങ്ങളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കോടതി നടപടികള്‍ വേഗത്തിലാകും. സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന പരാതികളില്‍ പോലീസ് സ്വീകരിക്കുന്ന ഈ കര്‍ശന നിലപാട് വലിയ പ്രാധാന്യത്തോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
