BoolokamBoolokam

രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ ഇനി 'മണ്ണിന്റെ മക്കള്‍!' ഐപിഎല്ലിലെ പ്രഥമ ചാമ്പ്യന്മാരെ 15,660 കോടിക്ക് തൂക്കി ലക്ഷ്മി എന്‍ മിത്തല്‍

ജയ്പുര്‍: ഐപിഎല്ലിലെ പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന് ഇനി പുതിയ ഉടമകള്‍. റോയല്‍സ് ടീമിനെ വ്യവസായ പ്രമുഖരായ ലക്ഷ്മി എന്‍ മിത്തല്‍, ആദിത്യ മിത്തല്‍, അദാര്‍ പൂനവാല എന്നിവരടങ്ങിയ കണ്‍സോര്‍ഷ്യം വന്‍തുകയ്ക്ക് സ്വന്തമാക്കി. രാജസ്ഥാന്റെ മറ്റ് ലീഗുകളിലെ ടീമുകളായ ദക്ഷിണാഫ്രിക്ക ട്വന്റി20 യിലെ പാള്‍ റോയല്‍സ്, കരീബിയന്‍ ലീഗിലെ ബാര്‍ബഡോസ് റോയല്‍സ് ടീമുകളേയും കണ്‍സോര്‍ഷ്യം ഏറ്റെടുക്കും. ഏകദേശം 1.65 ബില്യണ്‍ ഡോളറിന് (ഏതാണ്ട് 15,660.23 കോടി രൂപ) ടീമിന്റെ മുഴുവന്‍ ഓഹരികളും കണ്‍സോര്‍ഷ്യം സ്വന്തമാക്കിയത് എന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പത്രക്കുറിപ്പ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്റെ സ്ഥാപക ഉടമയായ മനോജ് ബദാലെയുടെ നേതൃത്വത്തിലുള്ള എമര്‍ജിങ് മീഡിയ വെഞ്ചേഴ്സില്‍ നിന്നാണ് മിത്തല്‍-പൂനവാല സഖ്യം ഓഹരികള്‍ വാങ്ങുന്നത്. ബിസിസിഐ, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ), ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ എന്നിവയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ത്തിയാകും. കരാര്‍ പ്രകാരം മിത്തല്‍ കുടുംബം ടീമിന്റെ 75 ശതമാനം ഓഹരികളും അദാര്‍ പൂനവാല 18 ശതമാനം ഓഹരികളും കൈവശം വെക്കും. മുന്‍ ഉടമ മനോജ് ബദാലെ ഉള്‍പ്പെടെയുള്ള നിലവിലെ നിക്ഷേപകര്‍ക്ക് ഏഴ് ശതമാനം ഓഹരി പങ്കാളിത്തം തുടരും. 2026-ന്റെ മൂന്നാം പാദത്തോടെ എല്ലാ നിയമപരമായ നടപടികളും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള ഒരു കണ്‍സോര്‍ഷ്യം 1.63 ബില്യണ്‍ ഡോളറിന് (ഏകദേശം 15,3000 കോടി) ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. എന്നാല്‍ ആവശ്യമായ ഫണ്ട് സമാഹരിക്കാന്‍ കഴിയാത്തതും, റെഗുലേറ്ററി തടസങ്ങളും, കണ്‍സോര്‍ഷ്യത്തിന്റെ ഘടനയിലെ അനിശ്ചിതത്വങ്ങളും കാരണം ആ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നാണ് ആര്‍സലര്‍ മിത്തല്‍ ചെയര്‍മാന്‍ ലക്ഷ്മി എന്‍. മിത്തലും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാലയും ചേര്‍ന്ന് വന്‍ തുകയ്ക്ക് ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ എത്തിയത്. ആര്‍സലര്‍ മിത്തല്‍ ചെയര്‍മാന്‍ ലക്ഷ്മി എന്‍ മിത്തല്‍, സിഇഒ ആദിത്യ മിത്തല്‍, നോണ്‍-ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ വനിഷ മിത്തല്‍ ഭാട്ടിയ, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല എന്നിവരടങ്ങുന്ന പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ആയിരിക്കും ഇനി ടീമിന്റെ ഭാവി തീരുമാനിക്കുക.

രാജസ്ഥാനിലെ സാദുല്‍പൂരില്‍ ജനിച്ച ലക്ഷ്മി എന്‍. മിത്തലിന് ഈ നിക്ഷേപം വൈകാരികം കൂടിയാണ്. തന്റെ കുടുംബം രാജസ്ഥാനില്‍ നിന്നുള്ളവരാണെന്നും ക്രിക്കറ്റിനോടുള്ള ഇഷ്ടത്തിനൊപ്പം സ്വന്തം നാടിന്റെ ടീമിനെ നയിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ രാജസ്ഥാന്‍ റോയല്‍സ് കാട്ടുന്ന താല്പര്യം തന്നെ ആകര്‍ഷിച്ചുവെന്ന് ആദിത്യ മിത്തല്‍ പ്രതികരിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി മുന്‍പ് ശ്രമം നടത്തിയിട്ടുള്ള അദാര്‍ പൂനവാല, കരുത്തുറ്റ പാരമ്പര്യമുള്ള ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചു.

നിലവില്‍ മനോജ് ബദാലെയുടെ എമര്‍ജിങ് മീഡിയയ്ക്ക് ഫ്രാഞ്ചൈസിയില്‍ 65 ശതമാനം ഓഹരിയും അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ റെഡ്ബേര്‍ഡ് ക്യാപിറ്റലിന് 15 ശതമാനവും ലാക്ലാന്‍ മര്‍ഡോക്കിന് നിശ്ചിത ഓഹരികളുമാണുള്ളത്. പുതിയ മാറ്റത്തോടെ മനോജ് ബദാലെ തന്റെ ദീര്‍ഘകാല അനുഭവസമ്പത്തുമായി ടീമിന്റെ ഉപദേശക സ്ഥാനത്ത് തുടരും. ഐപിഎല്ലിലെ ആദ്യ കിരീട ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്, ഈ വമ്പന്‍ ഉടമസ്ഥാവകാശ മാറ്റത്തിലൂടെ സാമ്പത്തികമായി കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ആഗോള സ്‌പോര്‍ട്‌സ് ലോകത്ത് പുതിയ ചരിത്രമെഴുതാനാണ് ഒരുങ്ങുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ ഇനി 'മണ്ണിന്റെ മക്കള്‍!' ഐപിഎല്ലിലെ പ്രഥമ ചാമ്പ്യന്മാരെ 15,660 കോടിക്ക് തൂക്കി ലക്ഷ്മി എന്‍ മിത്തല്‍ - Marunadan Malayali | Boolokam