BoolokamBoolokam

രാവിലെ എട്ടിന് പോസ്റ്റല്‍ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും എണ്ണി തുടങ്ങും; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും; ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിജയാഘോഷം ജില്ലാ ഭരണകൂടത്തിന് വിലക്കാം; പെരുമാറ്റച്ചട്ടം മെയ് 6 വരെ; തെറ്റായ ഫലം നല്‍കിയാല്‍ നിയമനടപടിയെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്തെ അന്തിമ പോളിങ് ശതമാനവും വോട്ടെണ്ണല്‍ സജ്ജീകരണങ്ങളും വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. സര്‍വീസ് വോട്ടുകള്‍ കൂടി പരിഗണിച്ചതോടെ സംസ്ഥാനത്തെ പോളിങ് 79.70 ശതമാനത്തിലേക്ക് ഉയര്‍ന്നതായി അദ്ദേഹം അറിയിച്ചു. അന്തിമ കണക്കുകള്‍ പുറത്തുവിടാന്‍ വൈകുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് മെയ് ഒന്നാം തീയതി വരെയുള്ള തപാല്‍ വോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള കണക്ക് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.

സംസ്ഥാനത്ത് ആകെ 58,984 സര്‍വീസ് വോട്ടുകളാണുള്ളത്. ഇതില്‍ 20,028 എണ്ണം ഇതിനോടകം തിരികെ ലഭിച്ചു കഴിഞ്ഞു. ഇന്ന് വരെ ലഭിക്കുന്ന സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്നതിനാല്‍ പോളിങ് ശതമാനത്തില്‍ ഇനിയും നേരിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. നിലവില്‍ സര്‍വീസ് വോട്ടുകള്‍ ഒഴികെയുള്ള പോളിങ് 73.63 ശതമാനമാണ്. വോട്ടെണ്ണലിന് മുന്‍പ് മണ്ഡലാടിസ്ഥാനത്തിലുള്ള പോസ്റ്റല്‍ വോട്ടുകളുടെ കൃത്യമായ കണക്ക് പുറത്തുവിടില്ലെന്നും സുതാര്യത ഉറപ്പാക്കാനാണ് കമ്മീഷന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെണ്ണല്‍ ദിനമായ നാളെ രാവിലെ എട്ട് മണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇവിഎം) വോട്ടുകള്‍ എണ്ണും. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും കൃത്യമായ ബോധ്യം വന്നതിന് ശേഷം മാത്രമേ അടുത്ത റൗണ്ടിലേക്ക് കടക്കാവൂ എന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായി പുറത്തുവരാന്‍ വൈകുന്നേരം അഞ്ച് മണിയെങ്കിലും ആകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. വേഗതയേക്കാള്‍ കൃത്യതയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവര്‍ത്തിച്ചു.

വോട്ടെണ്ണല്‍ പ്രക്രിയക്കായി വന്‍ സന്നാഹമാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്. 140 റിട്ടേണിങ് ഓഫീസര്‍മാരും 1340 അഡീഷണല്‍ റിട്ടേണിങ് ഓഫീസര്‍മാരും ഉള്‍പ്പെടെ 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 32,301 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്യുആര്‍ കോഡുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ട്രോങ്ങ് റൂമുകള്‍ തുറക്കുന്നത് ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക ലിങ്ക് നല്‍കില്ലെന്നും കമ്മീഷന്‍ പൊതുവായി നല്‍കുന്ന ലിങ്ക് വഴി വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മെയ് ആറ് വരെ നിലനില്‍ക്കുമെന്ന് രത്തന്‍ യു. ഖേല്‍ക്കര്‍ ഓര്‍മ്മിപ്പിച്ചു. തെറ്റായ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. ഫലപ്രഖ്യാപനത്തിന് പിന്നാലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ വിജയാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടരുതെന്നും ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാവിലെ എട്ടിന് പോസ്റ്റല്‍ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും എണ്ണി തുടങ്ങും; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും; ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിജയാഘോഷം ജില്ലാ ഭരണകൂടത്തിന് വിലക്കാം; പെരുമാറ്റച്ചട്ടം മെയ് 6 വരെ; തെറ്റായ ഫലം നല്‍കിയാല്‍ നിയമനടപടിയെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ - Marunadan Malayali | Boolokam