BoolokamBoolokam

രാഷ്ട്രീയ അരങ്ങേറ്റത്തില്‍ വിജയകാന്ത് നേടിയ വോട്ട് ശതമാനം വിജയ് മറികടക്കുമോ? അതോ കമല്‍ഹാസനെ പോലെ തകര്‍ന്നടിയുമോ? ദ്രാവിഡമണ്ണ് കാത്തിരിക്കുന്ന ക്ലൈമാക്‌സ് എന്താകും? ആകാംക്ഷയ്ക്കിടെ എംഎല്‍എ'മാരെ റിസോര്‍ട്ട് ഒളിപ്പിക്കാന്‍ വിജയ്; ജയിക്കുന്നവര്‍ മറുകണ്ടംചാടാതിരിക്കാന്‍ ടിവികെയുടെ മുന്‍കരുതല്‍

ന്യൂഡല്‍ഹി: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ദ്രാവിഡ രാഷ്ട്രീയം കാത്തിരിക്കുന്ന ക്ലൈമാക്‌സ് എന്താകും എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. രാഷ്ട്രീയ അരങ്ങേറ്റത്തില്‍ വിജയകാന്ത് നേടിയ വോട്ട് ശതമാനം വിജയ് മറികടക്കുമോ? അതോ കമല്‍ഹാസനെ പോലെ തകര്‍ന്നടിയുമോ എന്നാണ് ആകാംക്ഷ. പുതിയ ചുവടുവെപ്പിനൊരുങ്ങുന്ന നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) 'റിസോര്‍ട്ട് രാഷ്ട്രീയത്തിന്' സജ്ജമാകുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത 'തൂക്കുസഭ'യ്ക്ക് സാധ്യതയുണ്ടെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ പശ്ചാത്തലത്തില്‍, തങ്ങളുടെ വിജയികളായ സ്ഥാനാര്‍ത്ഥികളെ സംരക്ഷിക്കാനാണ് പാര്‍ട്ടിയുടെ ഈ അപ്രതീക്ഷിത നീക്കം. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മറ്റ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമോ പദവികളോ നല്‍കി സ്വാധീനിക്കുന്നത് തടയാന്‍ മഹാബലിപുരത്തിന് അടുത്തുള്ള പൂഞ്ചേരിയിലെ ഒരു സ്വകാര്യ റിസോര്‍ട്ട് ടിവികെ മുന്‍കൂട്ടി ബുക്ക് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുറഞ്ഞത് 100 സ്ഥാനാര്‍ത്ഥികളെയെങ്കിലും ഒരേസമയം താമസിപ്പിക്കാന്‍ സൗകര്യമുള്ള റിസോര്‍ട്ട് സജ്ജമാക്കാന്‍ വിജയ് പാര്‍ട്ടി ഭാരവാഹികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയായാലുടന്‍ വിജയിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും ഒട്ടും വൈകാതെ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'സീറ്റ് ജയിച്ചുകഴിഞ്ഞാല്‍ എങ്ങോട്ടും പോകരുത്' എന്ന് വിജയ് സ്ഥാനാര്‍ത്ഥികളോട് തമാശരൂപേണ പറഞ്ഞതായും എന്നാല്‍ ഇതിന് പിന്നില്‍ വലിയൊരു രാഷ്ട്രീയ ജാഗ്രതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുതിരക്കച്ചവടത്തിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടി പാര്‍ട്ടി ഐക്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആക്‌സിസ് മൈ ഇന്ത്യ ഉള്‍പ്പെടെയുള്ള ചില എക്‌സിറ്റ് പോളുകള്‍ ടിവികെയ്ക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്നുണ്ട്. 234 അംഗ നിയമസഭയില്‍ 120 സീറ്റുകള്‍ വരെ നേടി വിജയ് അധികാരത്തിലെത്തുമെന്ന് ചില പ്രവചനങ്ങള്‍ സൂചിപ്പിക്കുമ്പോള്‍, ദ്രാവിഡ പാര്‍ട്ടികള്‍ ഇതിനെ പുച്ഛിച്ചു തള്ളുകയാണ്. ഡിഎംകെ സഖ്യം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും വിജയ്ക്ക് രാഷ്ട്രീയം വെറുമൊരു വിനോദം മാത്രമാണെന്നും ഡിഎംകെ വക്താക്കള്‍ പരിഹസിക്കുന്നു. എങ്കിലും പോളിംഗ് ദിനത്തിലുണ്ടായ വന്‍ ജനപങ്കാളിത്തം ടിവികെയുടെ വോട്ട് വിഹിതം 20 ശതമാനത്തിന് മുകളില്‍ എത്തിക്കുമെന്നാണ് സൂചന. രാഷ്ട്രീയ അരങ്ങേറ്റത്തില്‍ വിജയകാന്ത് ഉണ്ടാക്കിയ തരംഗത്തെ വിജയ് മറികടക്കുമോ അതോ കമല്‍ഹാസനെപ്പോലെ പിന്നിലായിപ്പോകുമോ എന്ന ചോദ്യത്തിന് നാളെ ഉത്തരമാകും.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ സുരക്ഷ ശക്തമാക്കണമെന്ന് വിജയ് തന്റെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പാര്‍ട്ടിയുടെ നിയമവിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍, വിജയ്യുടെ കടന്നുവരവ് ആരുടെ വോട്ടുകളാണ് ചോര്‍ത്തുക എന്നതിനെ ആശ്രയിച്ചിരിക്കും തമിഴകത്തിന്റെ ഭാവി. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും തങ്ങളുടെ എംഎല്‍എമാരെ കണ്ണിലെണ്ണയൊഴിച്ച് കാക്കാന്‍ തീരുമാനിച്ച ടിവികെയുടെ നീക്കം തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാഷ്ട്രീയ അരങ്ങേറ്റത്തില്‍ വിജയകാന്ത് നേടിയ വോട്ട് ശതമാനം വിജയ് മറികടക്കുമോ? അതോ കമല്‍ഹാസനെ പോലെ തകര്‍ന്നടിയുമോ? ദ്രാവിഡമണ്ണ് കാത്തിരിക്കുന്ന ക്ലൈമാക്‌സ് എന്താകും? ആകാംക്ഷയ്ക്കിടെ എംഎല്‍എ'മാരെ റിസോര്‍ട്ട് ഒളിപ്പിക്കാന്‍ വിജയ്; ജയിക്കുന്നവര്‍ മറുകണ്ടംചാടാതിരിക്കാന്‍ ടിവികെയുടെ മുന്‍കരുതല്‍ - Marunadan Malayali | Boolokam