
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടെയും ജഡങ്ങള്‍ കണ്ടെത്തി. കൂമ്പാറ തോടിന് സമീപത്തെ പുളിക്കല്‍ ഔസേപ്പച്ചന്റെ പറമ്പിലുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ് വന്യമൃഗങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കിണറില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വന്യമൃഗങ്ങളുടെ ജഡങ്ങള്‍ ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരയെ തേടിയുള്ള ഓട്ടത്തിനിടയിലാകാം പുള്ളിപ്പുലിയും കാട്ടുപന്നിയും കിണറ്റില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് ഏകദേശം മൂന്ന് മുതല്‍ നാല് ദിവസം വരെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റില്‍ നിന്ന് ജഡങ്ങള്‍ പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
