
മുംബൈ: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ റയാന്‍ റിക്കിള്‍ട്ടന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറില്‍ 243 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ വില്‍ ജാക്‌സിനൊപ്പം ഓപ്പണറായി ഇറങ്ങിയ റിക്കിള്‍ട്ടണ്‍ 55 പന്തില്‍ പുറത്താവാതെ നേടിയ 123 റണ്‍സാണ് മുംബൈ ഇന്നിംഗ്‌സിന്റെ നട്ടെല്ല്.
രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡി കോക്കും ഇല്ലാത്ത പ്ലേയിംഗ് ഇലവനുമായി ഇറങ്ങിയ മുംബൈയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് റയാന്‍ റിക്കിള്‍ട്ടണും വില്‍ ജാക്‌സും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ വെറും 93 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. 22 പന്തില്‍ 46 റണ്‍സെടുത്ത ജാക്‌സിനെ പുറത്താക്കി നിതീഷ് കുമാര്‍ റെഡ്ഢിയാണ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് അഞ്ച് റണ്‍സെടുത്ത് പെട്ടെന്ന് മടങ്ങിയത് മുംബൈയെ ഒന്ന് ആശങ്കപ്പെടുത്തിയെങ്കിലും റിക്കിള്‍ട്ടണ്‍ തളരാതെ പോരാടി. നമന്‍ ധിറും (22), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (31) റിക്കിള്‍ട്ടണ് മികച്ച പിന്തുണ നല്‍കി.
റിക്കിള്‍ട്ടണിന്റെ അതിവേഗ സെഞ്ചുറിയാണ് മുംബൈ ഇന്നിംഗ്‌സിലെ ഹൈലറ്റ്‌സ്. വെറും 44 പന്തില്‍ നിന്നാണ് താരം നൂറ് തികച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്ന റെക്കോര്‍ഡ് ഇതോടെ റിക്കിള്‍ട്ടണ്‍ സ്വന്തമാക്കി. എട്ട് സിക്‌സറുകളും പത്ത് ഫോറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്‌സ്. അവസാന ഓവറിലെ അവസാന രണ്ട് പന്തുകളിലും സിക്‌സറും ഫോറും പറത്തി ടീം സ്‌കോര്‍ 243-ല്‍ എത്തിച്ചാണ് താരം ക്രീസ് വിട്ടത്.
ഹൈദരാബാദ് നിരയില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രപുല്‍ ഹിംഗെ മാത്രമാണ് ബൗളിംഗില്‍ അല്പമെങ്കിലും മികച്ചുനിന്നത്. ബാറ്റിംഗിന് അനുകൂലമായ വാങ്കഡെയിലെ പിച്ചില്‍ റിക്കിള്‍ട്ടണിന്റെ കരുത്തിന് മുന്നില്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. 244 റണ്‍സ് എന്ന ഹിമാലയന്‍ ലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സിന് മികച്ച തുടക്കം അത്യാവശ്യമാണ്. ശിവാംഗ് കുമാറിന് പകരം ഹര്‍ഷ് ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഹൈദരാബാദ് ഈ മത്സരത്തിനിറങ്ങിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസെന്‍, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷ് ദുബെ, സാക്കിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ.
മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്‌സ്, നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, എഎം ഗസന്‍ഫര്‍, അശ്വനി കുമാര്‍.
