
മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്ത് നായകനാകുന്ന 'ആഖ്‌രി സവാൽ' എന്ന ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിൽ. മെയ് എട്ടിന് ചിത്രം തിയേറ്ററുകളിൽ എത്താൻ ഇരിക്കെ, സിനിമയുടെ ട്രെയിലറിന് സെൻസർ ബോർഡ് ഇതുവരെ അനുമതി നൽകാത്തതാണ് നിർമ്മാതാക്കളെ വലയ്ക്കുന്നത്. ആർഎസ്എസിന്റെ ചരിത്രം പ്രമേയമാകുന്ന ചിത്രം എന്ന നിലയിൽ വലിയ ചർച്ചകൾക്ക് വഴിമാറിയ സിനിമയാണിത്.
സാധാരണഗതിയിൽ മൂന്ന് പ്രവൃത്തിദിവസത്തിനുള്ളിൽ ലഭിക്കേണ്ട ട്രെയിലർ സർട്ടിഫിക്കേഷൻ നാല് ദിവസം പിന്നിട്ടിട്ടും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വിവാദങ്ങൾ ഒഴിവാക്കാനായി രണ്ട് തവണ മാറ്റങ്ങൾ വരുത്തി ട്രെയിലർ സമർപ്പിച്ചെങ്കിലും സെൻസർ ബോർഡിന്റെ ഭാഗത്തുനിന്നും ഇതുവരെ അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ല. ഏപ്രിൽ 20-ന് അപേക്ഷ സമർപ്പിക്കുകയും 27-ന് സിനിമയുടെ സ്ക്രീനിംഗ് നടക്കുകയും ചെയ്തെങ്കിലും, ചിത്രത്തിനോ ട്രെയിലറിനോ ഇതുവരെ സർട്ടിഫിക്കേഷൻ ലഭിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
അഭിജിത് മോഹൻ വാരംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ്. ബാബറി മസ്ജിദ് ഉൾപ്പെടെയുള്ള രാഷ്ട്രീയമായി അതീവ പ്രാധാന്യമുള്ളതും സെൻസിറ്റീവുമായ വിഷയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയിലെ ഈ രാഷ്ട്രീയ ഉള്ളടക്കമാണോ സെൻസർ ബോർഡിന്റെ തടസ്സത്തിന് പിന്നിലെന്ന് സംശയമുണ്ടെങ്കിലും ബോർഡ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിഖിൽ നന്ദയും സഞ്ജയ് ദത്തും ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ ടീസറും ഫസ്റ്റ് ലുക്കും നേരത്തെ പുറത്തിറങ്ങി ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ റിലീസിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ പ്രധാന ട്രെയിലർ പുറത്തിറക്കാൻ കഴിയാത്തത് സിനിമയുടെ പ്രചാരണത്തെയും റിലീസ് തീയതിയെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ.
