
ന്യൂയോര്‍ക്ക്: ലോകപ്രശസ്ത ചിത്രകാരന്മാരുടെ പേരില്‍ വ്യാജ ചിത്രങ്ങള്‍ നിര്‍മ്മിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ പിതാവും മകളും പിടിയില്‍. വിശ്വപ്രസിദ്ധ കലാകാരന്മാരായ പാബ്ലോ പിക്കാസോ, ആന്‍ഡി വാറോള്‍, ബാങ്സി എന്നിവരുടെ ശൈലിയിലുള്ള ചിത്രങ്ങള്‍ യഥാര്‍ത്ഥമെന്ന വ്യാജേന വില്‍പ്പന നടത്തിയാണ് 50 കാരനായ എര്‍വിന്‍ ബാങ്കോവ്‌സ്‌കിയും 26 കാരിയായ മകള്‍ കരോലിന ബാങ്കോവ്‌സ്‌കയും കലാലോകത്തെ കബളിപ്പിച്ചത്. വര്‍ഷങ്ങളായി തുടര്‍ന്നുവന്ന ഈ വന്‍ തട്ടിപ്പിന് ന്യൂയോര്‍ക്കിലെ പ്രമുഖ ഫൈന്‍ ആര്‍ട്ട് ലേല സ്ഥാപനങ്ങള്‍ വരെ ഇരയായി എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
വളരെ ആസൂത്രിതമായ രീതിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രമുഖ ചിത്രകാരന്മാരുടെ അധികം അറിയപ്പെടാത്തതോ റെക്കോര്‍ഡുകളില്‍ വ്യക്തതയില്ലാത്തതോ ആയ ചിത്രങ്ങളാണ് തട്ടിപ്പിനായി ഇവര്‍ തിരഞ്ഞെടുത്തത്. ചിത്രങ്ങള്‍ തയാറാക്കാനായി പോളണ്ടിലുള്ള ഒരു കലാകാരന്റെ സേവനം ഇവര്‍ പ്രയോജനപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ ഏകദേശം ഇരുന്നൂറിലധികം വ്യാജ പെയിന്റിങ്ങുകളാണ് ഇവര്‍ വിറ്റഴിച്ചത്. ഏകദേശം രണ്ട് മില്യണ്‍ ഡോളറിലധികം (ഏകദേശം 16 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ വിവിധ ഇടപാടുകളിലൂടെ സമ്പാദിച്ചതായാണ് കണക്കാക്കപ്പെടുന്നത്.
ചിത്രങ്ങള്‍ വാങ്ങുന്നവരെ വിശ്വസിപ്പിക്കാനായി വ്യാജ രേഖകളും തെളിവുകളും ഇവര്‍ കൃത്രിമമായി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിനൊടുവില്‍ തങ്ങള്‍ നടത്തിയ വഞ്ചനയും വ്യാജകൃതികളുടെ വില്‍പ്പനയും കോടതിയില്‍ സമ്മതിക്കാന്‍ പിതാവും മകളും നിര്‍ബന്ധിതരായി. നിയമവിദഗ്ധരുടെ കണക്കുകൂട്ടല്‍ പ്രകാരം ഫെഡറല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് മൂന്ന് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനുപുറമെ 1.9 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ പോളണ്ടിലേക്ക് നാടുകടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
