
തൃശൂര്‍: ലോകത്തിലെ ഏറ്റവും വലിയ സിംഫണിയായ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയതോടെ പൂരാവേശത്തില്‍ തൃശൂര്‍. ആസ്വാദകരെ താളമേളങ്ങളുടെ അനുഭൂതിയിലാക്കി തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യ മേളം. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണ്യത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളയ്ക്ക് തുടക്കമായത്. 250 കലാകാരന്‍മാരാണ് ഇതില്‍ അണിനിരന്നത്. മൂന്നാംതവണയാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍ ഇലഞ്ഞിത്തറ മേളപ്രമാണിയാകുന്നത്. വൈകീട്ട് അഞ്ചുമണിയോടെ മേളം കൊട്ടി അവസാനിപ്പിച്ച് തെക്കോട്ടിറക്കം ആരംഭിക്കും. തുടര്‍ന്നാണ് കുടമാറ്റം.
വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിത്തറച്ചോട്ടില്‍ പെയ്ത് ഒഴിയാതെ മേളം മുറുകിയതോടെ പൂര പ്രേമികള്‍ മേളവിസ്മയത്തില്‍ അലിഞ്ഞു. ഇലഞ്ഞിച്ചോട്ടില്‍ പാറമേക്കാവ് കൊട്ടിത്തകര്‍ക്കുമ്പോള്‍ പുറത്ത് ശ്രീമൂലസ്ഥാനത്തിനടുത്ത് തിരുവമ്പാടിയുടെ പാണ്ടിമേളവുമുണ്ടാകും. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തില്‍ അരങ്ങേറിയ മഠത്തില്‍വരവ് പഞ്ചവാദ്യം സ്വരാജ് റൗണ്ടിലേക്കെത്തി 7 ആനകളുടെ അകമ്പടിയോടെ നായ്ക്കനാലിലെത്തിയാണ് പഞ്ചവാദ്യം അവസാനിപ്പിച്ചത്. തുടര്‍ന്ന് 15 ആനകളുടെ അകമ്പടിയോടെയാണ് പാണ്ടിമേളം തുടങ്ങിയത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൂര വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രമാണ് പൂരം നടക്കുന്നത്. കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂര്‍ പൂരദിനത്തിലേക്ക് ഉണര്‍ന്നത്. തൊട്ടുപിന്നാലെ ഘടകപൂരങ്ങളുമെത്തി. ദേവഗുരുവായ കണിമംഗലം ശാസ്താവ് വെയിലേല്‍ക്കാതെ സൂര്യോദയത്തിന് മുന്‍പ് തട്ടകത്തുനിന്നും പുറപ്പെട്ട് തേക്കിന്‍ കാടെത്തിയതോടെ പൂരം ആവേശത്തിന് തുടക്കമായി. വലിയാലുക്കല്‍ കുട്ടിശങ്കരനാണ് കോലമേറ്റിയത്. ജിതിന്‍ കല്ലാറ്റ് ആയിരുന്നു മേളപ്രമാണി. പിന്നാലെ പനമുക്കംപിള്ളി ശാസ്താവും വടക്കുംനാഥനിലെത്തി. പെരുമ്പളം ശരത് ആയിരുന്നു മേളപ്രമാണി.
പൂര പ്രേമികള്‍ കാത്തിരുന്ന ചെമ്പുക്കാവിന്റെ വരവായിരുന്നു പിന്നീട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആയിരുന്നു തിടമ്പേറ്റിയത്. പാറമേക്കാവ് അഭിഷേക് ആയിരുന്നു മേള പ്രമാണി. കിഴക്കേ നട വഴി വടക്കുംനാഥന്‍ അകത്തു കയറി കയറി തെക്കേ നടവഴി പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും രാമന്‍ ആരാധകരുടെ ആവേശം ഉച്ചസ്ഥായിലായി. ഒന്‍പത് ആനകളുടെ അകമ്പടിയോടെയാണ് കാരമുക്ക് ഭഗവതി വടക്കുന്നാഥനിലെത്തിയത്. പത്മശ്രീ പെരുവനം കുട്ടന്മാരായിരുന്നു മേള പ്രമാണി. ശങ്കരം കുളങ്ങര ഉദയന്‍ തിടമ്പേറ്റി. ഒന്‍പത് ആനകളുടെ അകമ്പടിയോടെ ലാലൂര്‍ ഭഗവതി നടുവിലാലില്‍ നിന്ന് ശ്രീമൂല സ്ഥാനത്തേക്ക് കയറി. പാറമേക്കാവ് അര്‍ജുന്‍ ആയിരുന്നു മേളപ്രമാണി.
പിന്നാലെ പൂരത്തില്‍ ഘടകപൂരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആനകളെ അണിനിരത്തുന്ന ചൂരക്കോട്ടുകാവ് ഭഗവതിയുടെ വരവായിരുന്നു. പടുവില്‍ രഘുനാഥന്‍മാരാരുടെ മേളം കലാശിച്ചതിന് പിന്നാലെ പതിമൂന്നാനകളുടെ അകമ്പടിയില്‍ അയ്യന്തോള്‍ ഭഗവതി എത്തി. ചെറുശ്ശേരി കുട്ടന്മാരായിരുന്നു മേള പ്രമാണി. ഒടുവില്‍ പതിനൊന്ന് ആനകളുടെ അകമ്പടിയോടെ നെയ്തലക്കാവ് ഭഗവതിയുടെ ഊഴമായി. ഇതിനിടെ പതിനൊന്നരയോടെ ആരംഭിച്ച തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ പൂരനഗരി അലിഞ്ഞു. കൊടുംചൂടിലാണ് തൃശ്ശൂരില്‍ ഇക്കുറി പൂരം നടക്കുന്നത്. പക്ഷെ പൂരാവേശത്തില്‍ ഒട്ടും കുറവില്ല.
വൈകിട്ട് 5.30ന് തെക്കേനടയിലാണ് ലോകം കാത്തിരിക്കുന്ന കുടമാറ്റം. രാത്രി ഭഗവതി ശാസ്താമാരുടെ പകലത്തെ എഴുന്നള്ളിപ്പുകള്‍ ആവര്‍ത്തിക്കും. വെടിക്കെട്ട് ഒഴിവാക്കിയുള്ള പൂരത്തില്‍ ആചാരത്തിന്റെ ഭാഗമായി പുലര്‍ച്ചെ വെടിക്കെട്ട് സമയത്ത് ഇരുവിഭാഗത്തിന്റെയും ഓരോ കതിന മുഴങ്ങും. നാളത്തെ പകല്‍പൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ്തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലും.
