
വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 19 വീടുകള്‍ കൂടി ഗുണഭോക്താക്കള്‍ക്ക് സാങ്കേതികമായി കൈമാറി. മൂന്ന്, നാല് സോണുകളിലായി പണി പൂര്‍ത്തിയായ വീടുകളുടെ താക്കോലാണ് മൂന്നാംഘട്ട പരിശോധനകള്‍ക്ക് ശേഷം കൈമാറിയത്. കഴിഞ്ഞ ദിവസം ഏഴ് വീടുകള്‍ ഉള്‍പ്പെടുന്ന ഒരു ക്ലസ്റ്ററും ഇത്തരത്തില്‍ കൈമാറിയിരുന്നു. ഇതോടെ ടൗണ്‍ഷിപ്പിലെ കൂടുതല്‍ വീടുകള്‍ കൈമാറ്റത്തിന് സജ്ജമായിരിക്കുകയാണ്.
എന്നാല്‍, സാങ്കേതികമായി താക്കോല്‍ ഏറ്റുവാങ്ങിയെങ്കിലും ഉടന്‍ താമസം തുടങ്ങേണ്ടതില്ലെന്നാണ് ദുരന്തബാധിതരുടെ തീരുമാനം. ടൗണ്‍ഷിപ്പിലെ ആകെ 178 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി അവ പൂര്‍ണ്ണമായും താമസയോഗ്യമായ ശേഷം മാത്രമേ അവിടേക്ക് മാറുകയുള്ളൂ എന്ന നിലപാടിലാണ് ഗുണഭോക്താക്കള്‍. വീടുകളുടെ നിര്‍മ്മാണത്തിലും അടിസ്ഥാന സൗകര്യങ്ങളിലും പൂര്‍ണ്ണ തൃപ്തി ഉറപ്പാക്കിയ ശേഷമുള്ള കൂട്ടായ താമസത്തിനാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്.
അതേസമയം, ടൗണ്‍ഷിപ്പിലെ 178 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി പരിശോധനയ്ക്കായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഇന്ന് കിഫ്‌കോണിന് (KIFCON) കൈമാറി. ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് പരിശോധനയ്ക്കായി നല്‍കിയതെന്ന് ഊരാളുങ്കല്‍ അധികൃതര്‍ അറിയിച്ചു. കിഫ്‌കോണിന്റെ വിശദമായ പരിശോധനകള്‍ക്ക് ശേഷം സാങ്കേതിക അനുമതി ലഭിക്കുന്നതോടെ വീടുകള്‍ താമസത്തിന് പൂര്‍ണ്ണസജ്ജമാകും.
