
ജോൻപൂർ: വിവാഹ ആഘോഷങ്ങൾക്കിടെ നാടിനെ നടുക്കി പട്ടാപ്പകൽ കൊലപാതകം. വിവാഹപ്പന്തലിലേക്ക് ആഘോഷപൂർവ്വം യാത്ര തിരിച്ച 27-കാരനായ വരനെ അജ്ഞാതസംഘം വെടിവെച്ചു കൊന്നു. സരായ് ഖ്വാജ പോലീസ് സ്റ്റേഷൻ പരിധിയിലെ ബദൗർ ഗ്രാമവാസിയായ ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഖേതാസരായ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിബിപൂർ ഗ്രാമത്തിന് സമീപമാണ് സംഭവം.
വരനും സംഘവും വിവാഹഘോഷയാത്രയായി പോകുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച അക്രമികൾ വരന്റെ വാഹനം തടയുകയായിരുന്നു. വാഹനത്തെ മറികടന്ന അക്രമികൾ ആസാദ് ബിന്ദിനെ ലക്ഷ്യം വെച്ച് തുരുതുരാ വെടിയുതിർത്തു. ശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകളേറ്റ ആസാദിന് ഗുരുതരമായി പരിക്കേറ്റു. കൃത്യം നിർവ്വഹിച്ച ഉടൻ തന്നെ അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വെടിയേറ്റ ഉടൻ തന്നെ കൂടെയുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആസാദിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ അറിയിച്ചു. പ്രതികളെ കണ്ടെത്താനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിവരികയാണ്. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
