
വിസാവദാർ: വളർത്തുമൃഗത്തെ വേട്ടയാടി തിന്നുകൊണ്ടിരുന്ന സിംഹം പെൺകുട്ടിക്ക് നേരെ പാഞ്ഞടുക്കുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് സാമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ജുനഗഡ്-ഗിർ സോമനാഥ് അതിർത്തിയിലെ വിസാവദറിനടുത്തുള്ള രതാംഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. തലനാരിഴ വ്യത്യാസത്തിലാണ് പെൺകുട്ടി സിംഹത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
രാത്രിയിൽ ഗ്രാമത്തിലിറങ്ങിയ സിംഹം ഒരു വളർത്തുമൃഗത്തെ റോഡിന് നടുവിൽ വെച്ച് വേട്ടയാടി തിന്നുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഈ സമയം ഗ്രാമവാസികൾ തടിച്ചുകൂടുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനും സെൽഫിയെടുക്കാനും തിരക്ക് കൂട്ടുകയും ചെയ്തു. ഇരുട്ടിൽ മൊബൈൽ ഫോൺ ഫ്ലാഷുകൾ തുടർച്ചയായി ഉപയോഗിച്ചത് സിംഹത്തെ പ്രകോപിപ്പിച്ചതായി കരുതപ്പെടുന്നു.
ജനക്കൂട്ടം അടുത്തുവന്നതോടെ അസ്വസ്ഥനായ സിംഹം ഇരയെ ഉപേക്ഷിച്ച് സമീപത്ത് നിന്നിരുന്ന ഒരു പെൺകുട്ടിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്ന് ഓടിയ പെൺകുട്ടിക്ക് പിന്നാലെ സിംഹവും കുതിച്ചു. എന്നാൽ, ഗ്രാമവാസികൾ ബഹളം വെച്ച് സിംഹത്തിന്റെ ശ്രദ്ധ മാറ്റിയതിനെത്തുടർന്ന് പാതിവഴിയിൽ വെച്ച് സിംഹം പിന്തിരിഞ്ഞു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയൊരു ദുരന്തം ഒഴിവായത്.
जूनागढ़ जिले के गिर से एक दिल दहला देने वाला वीडियो सामने आया है,वीडियो में एक शेर गांव के अंदर घुसकर मवेशी का शिकार करता और उसे खाते हुए नजर आ रहा है। लेकिन तभी वहां जुटी लोगों की भीड़ देखकर शेर अचानक भड़क जाता है।
— Krishnan Gaur (@Mercedes5494) April 25, 2026
इसके बाद शेर अपना शिकार छोड़कर एक मासूम बच्ची के पीछे दौड़… pic.twitter.com/FyboDDw5lD
ഗിർ മേഖലയിലെ ഗ്രാമങ്ങളിൽ സിംഹങ്ങൾ ഇറങ്ങുന്നത് പതിവാണെങ്കിലും, വന്യമൃഗങ്ങളുമായി അടുത്തിടപഴകുന്നത് അതീവ അപകടകരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വന്യമൃഗങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും ചിത്രങ്ങളും വീഡിയോകളും പകർത്താൻ മുതിരരുതെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും വീഡിയോകൾക്കായി അപകടങ്ങൾ ക്ഷണിച്ചുവരുത്തരുതെന്നും നെറ്റിസൺസും അഭിപ്രായപ്പെട്ടു.
