BoolokamBoolokam

വിവാഹഘോഷയാത്രയ്ക്കിടെ വരന്റെ കാര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ത്തു; 27-കാരനായ വരനെ കൊലപ്പെടുത്തിയത് വധുവിന്റെ ബന്ധു; ഞെട്ടല്‍ മാറാതെ കുടുംബാംഗങ്ങള്‍; പ്രതികള്‍ക്കായി തിരച്ചില്‍

ജൗണ്‍പുര്‍: ഉത്തര്‍പ്രദേശിലെ ജൗണ്‍പൂരില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെ നാടിനെ നടുക്കിയ കൊലപാതകം. വിവാഹ ഘോഷയാത്രയ്ക്കിടെ കാര്‍ തടഞ്ഞുനിര്‍ത്തി 27-കാരനായ വരനെ വെടിവെച്ചു കൊലപ്പെടുത്തി. ബിബിപൂര്‍ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ആസാദ് ബിന്ദ് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വധുവിന്റെ അടുത്ത ബന്ധുവായ പ്രദീപ് ബിന്ദ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞു.

വിവാഹത്തില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്ന പ്രദീപ് ബിന്ദ്, ബൈക്കിലെത്തിയ രണ്ടംഗ സംഘത്തോടൊപ്പമാണ് ആക്രമണം നടത്തിയത്. ഘോഷയാത്ര കടന്നുപോകുന്നതിനിടെ വരന്‍ സഞ്ചരിച്ചിരുന്ന കാര്‍ തടയുകയും തൊട്ടടുത്തുനിന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആസാദ് ബിന്ദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയായ പ്രദീപ് ബിന്ദ് നിലവില്‍ ഒളിവിലാണ്. ഇയാളെയും കൂട്ടുപ്രതിയെയും പിടികൂടാനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

കൊല്ലപ്പെട്ട ആസാദ് ബിന്ദിന്റെ കുടുംബം നേരത്തെയും പ്രതിയുടെ ഭാഗത്തുനിന്ന് വധശ്രമങ്ങള്‍ ഉണ്ടായതായി ആരോപിക്കുന്നു. പ്രതി പ്രദീപ് ബിന്ദ് അടുത്തിടെ തന്റെ ഇളയ മകനെ ആക്രമിച്ചിരുന്നതായും കാറപകടം ഉണ്ടാക്കി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും ആസാദിന്റെ പിതാവ് രാം ലഖന്‍ ബിന്ദ് വെളിപ്പെടുത്തി. കുടുംബങ്ങള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണോ അതോ വിവാഹത്തോടുള്ള വ്യക്തിപരമായ എതിര്‍പ്പാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഹൈവേയില്‍ വെച്ച് വിവാഹ ഘോഷയാത്ര തടഞ്ഞ് പരസ്യമായി കൊലപാതകം നടത്തിയത് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് രാകേഷ് മൗര്യ പറഞ്ഞു. സംസ്ഥാനത്ത് ക്രിമിനലുകള്‍ക്ക് പോലീസിനെ ഭയമില്ലെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങളെന്നും പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ ബിബിപൂര്‍ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹഘോഷയാത്രയ്ക്കിടെ വരന്റെ കാര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ത്തു; 27-കാരനായ വരനെ കൊലപ്പെടുത്തിയത് വധുവിന്റെ ബന്ധു; ഞെട്ടല്‍ മാറാതെ കുടുംബാംഗങ്ങള്‍; പ്രതികള്‍ക്കായി തിരച്ചില്‍ - Marunadan Malayali | Boolokam