
ഹൈദരബാദ്: വാരാന്ത്യങ്ങള്‍ മാളുകളിലും കഫേകളിലും ചിലവഴിച്ച് മടുത്തവര്‍ക്കായി ഹൈദരാബാദ് വിത്യസ്തമായ 'ജയില്‍ ടൂറിസം' പദ്ധതി ഒരുക്കുന്നു. ചഞ്ചല്‍ഗുഡയിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷനല്‍ അഡ്മിനിസ്ട്രേഷനില്‍ (SICA) ഏപ്രില്‍ 28 മുതല്‍ 'ഫീല്‍ ദ ജയില്‍' എന്ന പേരില്‍ ജയില്‍ മ്യൂസിയം വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുകയാണ്. ഒരു ദിവസം തടവുകാരനായി ജയിലിനുള്ളില്‍ കഴിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവിസ്മരണീയമായ അനുഭവം സ്വന്തമാക്കാം.
2016-ല്‍ തെലങ്കാനയിലെ സംഗറെഡ്ഡി ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആരംഭിച്ച പദ്ധതിയുടെ വലിയ വിജയത്തെ തുടര്‍ന്നാണ് ഹൈദരാബാദിലും ഇത് നടപ്പിലാക്കുന്നത്. അന്ന് 500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ ഒരു യഥാര്‍ത്ഥ തടവുകാരനെപ്പോലെ ജയിലിനുള്ളില്‍ കഴിയാമായിരുന്നു. ഈ മാതൃകയാണ് ഇപ്പോള്‍ ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ അതിസുരക്ഷാ ജയില്‍ ക്യാമ്പസിലും അവതരിപ്പിക്കുന്നത്. തെലങ്കാനയിലെ ജയില്‍ ചരിത്രവും പരിഷ്‌കാരങ്ങളും അടുത്തറിയാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
പഴയകാലത്തെ ശിക്ഷാരീതികള്‍, തടവുകാര്‍ ഉപയോഗിച്ചിരുന്ന ഭാരമേറിയ ചങ്ങലകള്‍, നെയ്ത്ത് യന്ത്രങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ തടവുകാരുടെ ദൈനംദിന ജീവിതം, കോടതി നടപടികള്‍, കുടുംബാംഗങ്ങള്‍ സന്ദര്‍ശിക്കുന്നത് തുടങ്ങിയവ ആധുനിക ഓഡിയോ-വിഷ്വല്‍ സംവിധാനത്തിലൂടെ സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാം. ജയിലിലെ കൃഷി രീതികള്‍, കൈത്തറി യൂണിറ്റുകള്‍, മറ്റ് തൊഴില്‍ പരിശീലനങ്ങള്‍ എന്നിവ നേരില്‍ കാണാനും അവസരമുണ്ടാകും.
കേവലം വിനോദത്തിനപ്പുറം വലിയൊരു സാമൂഹിക തിരിച്ചറിവാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കാനും, കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങള്‍ ബോധ്യപ്പെടുത്താനും, ജയിലിലെ ജീവിതം എത്രത്തോളം കഠിനമാണെന്ന് നേരിട്ടറിയാനും സന്ദര്‍ശകര്‍ക്ക് ഇവിടെ സാധിക്കും. പ്രത്യേകിച്ച് യുവാക്കള്‍ക്ക് തെറ്റായ വഴികളില്‍ നിന്ന് പിന്മാറാനുള്ള ശക്തമായ ഓര്‍മ്മപ്പെടുത്തലായിരിക്കും ഈ അനുഭവം. തടവുകാരുടെ ഭക്ഷണം, അവരുടെ ദിനചര്യകള്‍, അച്ചടക്കം, താമസ സൗകര്യം എന്നിവയെല്ലാം കൃത്രിമത്വമില്ലാതെ അനുഭവിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ആഡംബര സൗകര്യങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ യാത്ര വേറിട്ടൊരു അനുഭവമായിരിക്കും. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങളും ബുക്കിംഗ് സൗകര്യങ്ങളും അധികൃതര്‍ ഉടന്‍ ഔദ്യോഗികമായി അറിയിക്കും.
